
ടെഹ്‌റാൻ: ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ. അമേരിക്കയുടേത് തെറ്റായ കണക്കുകൂട്ടലുകളാണെന്നും ഇറാനെതിരെയുള്ള സാമ്പത്തിക യുദ്ധം യുഎസിൻ്റെ അടുത്ത പരാജയമായിരിക്കുമെന്നും ഇറാൻ്റെ നിയമ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. ട്രംപിൻ്റെ “കടുത്ത സാമ്പത്തിക നടപടികൾ” (crushing economic operation) എന്ന പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിലെ പരാജയങ്ങൾ മറച്ചുവെക്കാൻ വേണ്ടി അമേരിക്ക ഓരോ തവണയും അതിലും വലിയ തെറ്റുകളിലേക്കാണ് ചാടുന്നതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് അമേരിക്ക ഇപ്പോൾ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻപ് സൈനിക യുദ്ധത്തിൽ നേരിട്ട തിരിച്ചടി മറയ്ക്കാനാണ് അവർ ഇപ്പോൾ ‘സാമ്പത്തിക യുദ്ധം’ എന്ന പേരിൽ അടുത്ത പരാജയത്തിലേക്ക് നടന്നു നീങ്ങുന്നത്,” ഗരീബാബാദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് പുതിയ പ്രസ്താവനകൾ നൽകുന്നത്.
Trump’s economic sanctions will fail; Iran says America is heading for the next collapse















