ബ്രസീൽ തിരഞ്ഞെടുപ്പ്: ട്രംപ് അനുകൂല വലതുപക്ഷത്തിന് നിർണായക പരീക്ഷണം

ബ്രസീൽ: ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മേഖലയിലെ വളർന്നുവരുന്ന ട്രംപ് അനുകൂല വലതുപക്ഷ രാഷ്ട്രീയത്തിന് നിർണായക പരീക്ഷണമാകുന്നു. നിലവിലെ പ്രസിഡന്റ് ലുല ഡ സിൽവയും മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ മകൻ ഫ്ലാവിയോ ബോൾസനാരോയും തമ്മിലാണ് പ്രധാന മത്സരം.

80കാരനായ ലുല നാലാം തവണയും 45കാരനായ ഫ്ലാവിയോ ആദ്യമായി പ്രസിഡന്റാകാനുമാണ് മത്സരിക്കുന്നത്. ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ആർക്കും 50 ശതമാനം വോട്ടും ഒരു വോട്ടും നേടാനായില്ലെങ്കിൽ ഒക്ടോബർ 25ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

ലാറ്റിനമേരിക്കയിലെ ഏഴ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും താൻ പിന്തുണച്ച സ്ഥാനാർഥികൾ വിജയിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ട്രംപ് രൂപീകരിച്ച ‘ഷീൽഡ് ഓഫ് ദ അമേരിക്കാസ്’ സഖ്യത്തിൽ 15 രാജ്യങ്ങളാണുള്ളത്. ഇതിൽ ഭൂരിഭാഗവും വലതുപക്ഷ സർക്കാരുകളാണ്.

ഫ്ലാവിയോ വിജയിച്ചാൽ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയും ആഗോളതലത്തിൽ വലതുപക്ഷത്തിന് ശക്തമായ മുന്നേറ്റവുമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബ്രസീൽ ട്രംപിന്റെ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാൻ ശേഷിയുള്ള മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മയക്കുമരുന്ന് വിരുദ്ധ നടപടികളിലും ഇരുനേതാക്കളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ‘ഷീൽഡ് ഓഫ് ദ അമേരിക്കാസ്’ സഖ്യത്തിൽ ചേരുമെന്നും കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഫ്ലാവിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാജ്യങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന യുഎസ് നടപടികളിൽ ലുല ആശങ്ക പ്രകടിപ്പിക്കുന്നു.

ബ്രസീലിന്റെ അപൂർവ ധാതുക്കളും നിർണായക പ്രകൃതി വിഭവങ്ങളും തിരഞ്ഞെടുപ്പിൽ മറ്റൊരു പ്രധാന വിഷയമാണ്. യുഎസിന് ഈ വിഭവങ്ങളിൽ കൂടുതൽ പ്രവേശനം നൽകണമെന്ന ആവശ്യം ലുല നിരസിച്ചപ്പോൾ, ചൈനയിലുള്ള അമേരിക്കയുടെ ആശ്രിതത്വം കുറയ്ക്കാൻ ഇവ ഉപയോഗിക്കാമെന്ന് ഫ്ലാവിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവ കുറഞ്ഞതും ശരാശരി വരുമാനം ഉയർന്നതും ലുലയ്ക്ക് അനുകൂല ഘടകങ്ങളാണ്.

അതേസമയം കുടുംബങ്ങളുടെ കടബാധ്യതയും ലുലയുടെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തിരിച്ചടിയാണ്.ജെയർ ബോൾസനാരോയുടെ വോട്ടുബാങ്കും ലുല വിരുദ്ധ വോട്ടുകളും ഫ്ലാവിയോയ്ക്ക് പിന്തുണ വർധിപ്പിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2022ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയിലൂടെ മറികടക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട ജെയർ ബോൾസനാരോ നിലവിൽ വീട്ടുതടങ്കലിലാണ്.

ബ്രസീലിലെ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന് പുറമെ ലാറ്റിൻ അമേരിക്കയുടെ ഭാവി രാഷ്ട്രീയ ദിശയിലും യുഎസുമായുള്ള ബന്ധത്തിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

Brazil’s neck-and-neck election offers test for growing pro-Trump Latin American bloc

More Stories from this section

family-dental
witywide