
ഒട്ടാവ: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ ഇന്ത്യൻ വംശജരായ രണ്ട് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗഗൻപ്രീത് രേഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (ഐഎച്ച്ഐടി) അന്വേഷണം ആരംഭിച്ചു.
ഡെൽറ്റ സ്വദേശിനിയാണ് സുഖ്ജീത് കൗർ. ഗഗൻപ്രീത് രേഹലിന് ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ മുൻപ് പൊലീസ് നടപടികൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം, സുഖ്ജീത് കൗറിന് കാനഡയിൽ പരിമിതമായ സൗഹൃദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ആസൂത്രിത ആക്രമണമാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
രണ്ട് യുവാക്കളുടെയും അപ്രതീക്ഷിത വിയോഗത്തിൽ കുടുംബങ്ങൾ കടുത്ത ദുഃഖത്തിലാണെന്ന് ഐഎച്ച്ഐടി വക്താവ് സർജന്റ് ഫ്രെഡ ഫോങ് പറഞ്ഞു. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
അതേസമയം, കൊലപാതകങ്ങൾ നടന്ന് ഏകദേശം 15 മിനിറ്റിനുശേഷം സമീപപ്രദേശത്ത് ഒരു വാഹനത്തിന് തീപിടിച്ചതായി സറേ പൊലീസ് സർവീസിന് വിവരം ലഭിച്ചു. ഈ സംഭവത്തിന് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
കത്തിനശിച്ച വാഹനത്തിൽനിന്ന് ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്.














