അമേരിക്കൻ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ നിയന്ത്രിത എഐ ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ കമ്പനികൾ വഴി ചൈനയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ ചൈനീസ് പൗരനായ ലീ മിങ്ങിനെതിരെ അന്വേഷണം. കേസിൽ ചൈനയുടെ ചാരവനിതയെന്ന ആരോപണം നേരിടുന്ന ആലീസ് ഹുവാങ്, അവരുടെ ഭർത്താവ് കാങ് വെയ് എന്നിവരുമായി അടുത്ത ബന്ധമുള്ള 52-കാരനായ ലീ മിങ്, ചിപ്പുകൾ ചൈനയിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ കമ്പനിയായ ‘ലക്ഷ്വറിയേറ്റ് യുവർ ലൈഫി’ന്റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് ലീ മിങ് വാങ്ങിയ എൻവിഡിയ ചിപ്പുകൾ ഘടിപ്പിച്ച കമ്പ്യൂട്ടർ സെർവറുകൾ മലേഷ്യയിലേക്ക് അയച്ചശേഷം അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി സിംഗപ്പൂർ പ്രോസിക്യൂട്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നു.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ പ്രവർത്തനങ്ങളിൽ 2025-വരെ ലീ മിങ് സജീവമായിരുന്നു. ആലീസ് ഹുവാങ് മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഈ കമ്പനിയിലൂടെ, ചൈനീസ് ഉപഭോക്താക്കൾക്ക് അത്യാധുനിക കമ്പ്യൂട്ടിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ലീ മിങ്, ആലീസ് ഹുവാങ്, കാങ് വെയ് എന്നിവർ തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
ഒരു ചൈനീസ് വീഡിയോ ഗെയിം കമ്പനിയുടെ സിംഗപ്പൂർ ഉപസ്ഥാപനം ഏറ്റെടുത്താണ് മെഗാസ്പീഡ് എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനമാരംഭിച്ചതും ആലീസ് ഹുവാങ്ങിനെ ഡയറക്ടർമാരിൽ ഒരാളായി നിയമിച്ചതും. ഇതിനുപുറമെ 2021-ൽ ആരംഭിച്ച ‘സെഞ്ച്വറി ലോങ്‌ടെങ്’ എന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സംരംഭത്തിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറായും ലീ മിങ് പ്രവർത്തിച്ചിരുന്നു.
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചിപ്പുകൾ കൈമാറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മെഗാസ്പീഡ് കമ്പനിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, തെക്കുകിഴക്കൻ ഏഷ്യയിലെ ഇടനിലക്കാർ വഴി ചൈനീസ് കമ്പനികളിലേക്ക് ചിപ്പുകൾ മാറ്റിയെന്ന ആരോപണത്തിൽ ലീ മിങ്ങിന്റെ പങ്ക് വ്യക്തമാണെന്നാണ് വിവരം.
Smuggling of Nvidia AI Chips to China: Probe Targets Alice Huang’s Husband and Associate Li Ming















