
ടെഹ്റാൻ: ബഹ്റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് ബഹ്റൈനിലെ ഒരു വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തിൽ ആളപായമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാൻ–യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഇരട്ട ലോഞ്ചറുകൾ ഉൾപ്പെടെയുള്ള വൻ മിസൈൽശേഖരം ദൃശ്യങ്ങളിൽ കാണാം. തിരിച്ചടിക്ക് തയ്യാറാണെന്ന സൂചനയായാണ് ഈ ദൃശ്യങ്ങൾ വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായി. സ്ഫോടകവസ്തുക്കളിൽ തട്ടി ഒരു എണ്ണ ടാങ്കറിന് തീപിടിച്ചതായും രണ്ട് ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തിൽ ടാങ്കറിന്റെ എൻജിൻ റൂമിൽ തീപടർന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, സമാധാന ചർച്ചകൾ തുടരുകയാണെന്ന് മധ്യസ്ഥരായ ഖത്തർ അറിയിച്ചു. ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും സമാധാനശ്രമങ്ങൾ സജീവമാണെന്നും ഖത്തർ വ്യക്തമാക്കി. എന്നാൽ, സമാധാന കരാറിനായി ഇറാൻ മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിക്കാനാകില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്.















