ജോർജ് വാഷിങ്ടണിന്റെ ഒരു മുടിയിഴ ലേലത്തിൽ വിറ്റത് 4,000 ഡോളറിന്

അമേരിക്കയുടെ പ്രഥമ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്ടണിന്റെ ഒരു മുടിയിഴ ലേലത്തിൽ വിറ്റത് 4,000 ഡോളറിന്. ശനിയാഴ്ച നടന്ന ലേലത്തിലാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തു വിറ്റുപോയത്. ദക്ഷിണ കരോലിന ആസ്ഥാനമായി പ്രവർത്തിക്കുന്ന റിച്ച്മണ്ട് ഓക്ഷൻസാണ് ലേലം സംഘടിപ്പിച്ചത്.

പ്രശസ്ത ശേഖരകനായ ജോൺ കെ. ലാറ്റിമറാണ് മുടിയിഴ സ്വന്തമാക്കിയിരുന്നത്. 1798ലും 1799ലും വിർജീനിയയിലെ അലക്സാൻഡ്രിയയിലുള്ള സിറ്റി ഹോട്ടൽ ആൻഡ് ടാവേണിൽ ജോർജ് വാഷിങ്ടണിന്റെ അവസാന രണ്ട് ജന്മദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച ജോൺ ഗാഡ്സ്ബിയുടെ പിൻഗാമിയിൽനിന്നാണ് ഇത് ലാറ്റിമറിന് ലഭിച്ചതെന്നാണ് ലേല സ്ഥാപനം വ്യക്തമാക്കിയത്.

വാഷിങ്ടണിന്റെ മരണത്തിന് തൊട്ടുമുൻപ് ഗാഡ്സ്ബി അദ്ദേഹത്തെ വീട്ടിൽ അത്താഴത്തിന് ക്ഷണിച്ചിരുന്നതായും ലേല സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സാക്ഷ്യപത്രത്തിൽ പറയുന്നു. ഗാഡ്സ്ബിയുടെ കൊച്ചുമകൾ ജൂലിയ ടെൻ ഐക്ക് മക്ബ്ലെയർ 1928ൽ നൽകിയ സത്യവാങ്മൂലത്തിലും മുടിയിഴയുടെ ചരിത്രം പരാമർശിച്ചിട്ടുണ്ട്. വാഷിങ്ടണുമായുള്ള സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ഓർമയ്ക്കായാണ് ഗാഡ്സ്ബിക്ക് മുടിയിഴ ലഭിച്ചതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പിന്നീട് ഇത് സ്വർണനിറം പൂശിയ മരച്ചട്ടക്കുള്ളിൽ ഫ്രെയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ചിരുന്നതായും അവർ വ്യക്തമാക്കിയിരുന്നു.

ഏകദേശം ഒൻപത് ഇഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുള്ള വൃത്താകൃതിയിലുള്ള ഫ്രെയിമിലാണ് മുടിയിഴ സൂക്ഷിച്ചിരിക്കുന്നത്. ലേലത്തിൽ ഇത് സ്വന്തമാക്കിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വാഷിങ്ടണുമായി ബന്ധപ്പെട്ട മറ്റ് ചരിത്രരേഖകളും നേരത്തേ ലേലത്തിൽ വിറ്റിട്ടുണ്ട്. പുതിയ കോണ്ടിനെന്റൽ സൈന്യത്തെ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വാഷിങ്ടൺ എഴുതിയ ഒരു കത്ത് ഈ വർഷം ജൂലൈയിൽ ഒരു ലക്ഷം ഡോളറിലധികം തുകയ്ക്ക് വിറ്റിരുന്നു.

More Stories from this section

family-dental
witywide