ട്രംപിന്‍റെ അതൃപ്തി, പിന്നാലെ യുഎസിന്‍റെ നിർണായക നീക്കം; ബ്രിട്ടനിലെ വ്യോമതാവളത്തിൽ നിന്ന് ബോംബർ വിമാനങ്ങൾ പൂർണ്ണമായും പിൻവലിച്ച് വ്യോമസേന

ലണ്ടൻ: ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്സ് (ആർഎഎഫ്) ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപമുണ്ടായ സുരക്ഷാ വീഴ്ചയെയും അറസ്റ്റുകളെയും തുടർന്ന് തങ്ങളുടെ മുഴുവൻ ബോംബർ വിമാനങ്ങളും യുഎസ് വ്യോമസേന അവിടെ നിന്നും പിൻവലിച്ചു. കഴിഞ്ഞ മാസം അഞ്ച് ബ്രിട്ടീഷ് പൗരന്മാരും ഒരു ഇറാനിയൻ വംശജനും പിടിയിലായ സംഭവത്തിന് പിന്നാലെയാണ് വിമാനങ്ങൾ അമേരിക്കയിലെ സ്വന്തം താവളങ്ങളിലേക്ക് തിരിച്ചെത്തിച്ചതെന്ന് പെന്റഗൺ വക്താവ് സിബിഎസ് ന്യൂസിനോട് സ്ഥിരീകരിച്ചു. ‘ദി വോൾ സ്ട്രീറ്റ് ജേർണൽ’ ആണ് വിമാനങ്ങൾ മടക്കിവിളിച്ച വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.

ആഗോള സൈനിക സജ്ജതയുടെയും ദൗത്യങ്ങളുടെയും ഭാഗമായി ബി-1, ബി-2, ബി-52 ബോംബർ വിമാനങ്ങൾ ലോകമെമ്പാടും പതിവായി വിന്യസിക്കാറുണ്ടെന്നും, അമേരിക്കൻ വൻകരയിൽ നിന്ന് പറന്നുയർന്ന് ലോകത്തെവിടെയും കൃത്യതയോടെ ആക്രമണം നടത്താൻ സേന സദാ സന്നദ്ധമാണെന്നും പെന്റഗൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാനെതിരായ ആക്രമണങ്ങൾക്ക് യു.എസ് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ആർ.എ.എഫ് ഫെയർഫോർഡ് താവളം.

സെപ്റ്റംബർ 27-നാണ് വ്യോമതാവളത്തിന് സമീപത്തുനിന്ന് ലണ്ടൻ സ്വദേശികളായ ഇരുപതുകാരടങ്ങുന്ന അഞ്ചംഗ ബ്രിട്ടീഷ് സംഘത്തെ സ്ഫോടകവസ്തുക്കളും ഭീകരവാദ കുറ്റങ്ങളും സംശയിച്ച് പൊലീസ് പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച മൂന്ന് വാനുകളിൽ നിന്ന് പെട്രോൾ കണ്ടെത്തിയെങ്കിലും സ്ഫോടകവസ്തുക്കൾ കണ്ടെത്താനായില്ല. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടു. പിന്നീട് ഭീകരാക്രമണ ഗൂഢാലോചന സംശയിച്ച് വ്യാഴാഴ്ച ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്ത 25 വയസ്സുകാരനായ യു.കെ-ഇറാൻ ഇരട്ട പൗരത്വമുള്ള യുവാവിനെയും ശനിയാഴ്ച കൗണ്ടർ ടെററിസം പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

ഫെയർഫോർഡ് താവളത്തിലെ സുരക്ഷാ സംഭവത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം ബി.ബി.സിയോട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഇറാന്റെ ഇടപെടൽ വ്യക്തമാക്കുന്ന ശക്തമായ സൂചനകൾ ഉണ്ടെന്നും, കേസിൽ സങ്കീർണ്ണമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് മാധ്യമങ്ങളും ചില വ്യക്തികളും ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ലണ്ടനിലെ ഇറാൻ എംബസി പൂർണ്ണമായി തള്ളിക്കളഞ്ഞു. തങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന ഏത് താവളവും ആക്രമിക്കാൻ അർഹതയുണ്ടെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യോമതാവളം ഇപ്പോഴും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി ബേൺഹാമിന്റെ വക്താവ് തിങ്കളാഴ്ച അറിയിച്ചെങ്കിലും വിദേശ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ബ്രിട്ടീഷ് പോലീസിന്റെയും സുരക്ഷാ സേനയുടെയും സഹകരണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചെങ്കിലും, പിടിയിലായ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ച ബ്രിട്ടീഷ് നടപടിയിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide