രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതിനായി നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും, നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുകയാണെന്നും കലബുറഗിയിൽ നടത്തിയ പ്രതികരണത്തിൽ ഖാർഗെ ആരോപിച്ചു.
ചീഫ് ജസ്റ്റിസിനെ കാണുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചേർന്ന് കത്തയച്ചിരുന്നതായും, നാളെ വൈകിട്ട് നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് പ്രതിനിധി സംഘം ചീഫ് ജസ്റ്റിസിനോട് പ്രത്യേക നടപടികൾ ഒന്നും ആവശ്യപ്പെടില്ലെന്നും, പകരം രാജ്യത്തെ നിലവിലെ ആശങ്കകൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെങ്കിലും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെക്കൊണ്ട് തെറ്റായ കാര്യങ്ങൾ ചെയ്യിക്കുന്നത് മോദിയും അമിത് ഷായും ആണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽപോരാ, പിന്നിൽ നിന്ന് എല്ലാം ചെയ്യിക്കുന്ന മോദിയും അമിത് ഷായും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അടിയന്തരാവസ്ഥക്കാലത്ത് മന്ത്രിയായിരുന്നിട്ടുണ്ടെന്നും, അന്ന് പോലുമില്ലാത്ത തരത്തിലുള്ള അടിച്ചമർത്തലുകളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Unproclaimed Emergency in the Country: Kharge to Meet Supreme Court Chief Justice Tomorrow to Share Concerns












