ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ച് യൂത്ത് കോൺഗ്രസിലെ വിഭാഗം; ‘ആശാന് സംഭവിക്കാതിരിക്കട്ടെ’ പരിഹാസം

കാസർകോട്: കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക്. ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ പാഴ്‌സലായി അയച്ച് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദം ശക്തമായി. ‘അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ, തീർന്നാൽ പറയാൻ മടിക്കരുത്, ആവശ്യാനുസരണം എത്തിച്ചുനൽകും’ എന്ന പരിഹാസക്കുറിപ്പോടെയാണ് ഉറകൾ അയച്ചത്.

‘കാസർഗോഡ് യൂത്ത് കോൺഗ്രസ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എന്നാൽ ഈ പേജ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക പേജല്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ് എംപിമാരായ ഷാഫി പറമ്പിലും രാജ്മോഹൻ ഉണ്ണിത്താനും തമ്മിലുള്ള പരസ്യമായ വാക്പോരാണ് പുതിയ സംഭവത്തിന് പിന്നിലെ പശ്ചാത്തലം. ദിവസങ്ങളായി ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തർക്കം തുടരുകയാണ്.

നേരത്തെ പാലക്കാട് നിന്ന് രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്‌സലായി അയച്ചിരുന്നു. പിന്നാലെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകളും ഉയർന്നു. പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിലും രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യ പ്രതിഷേധമുണ്ടായി. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ള പരിഹാസ വീഡിയോ പുറത്തുവന്നത്.

അതേസമയം, വ്യാജ ഫേസ്ബുക്ക് പേജിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തിക് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. 2018 മുതൽ സജീവമായ ഈ പേജിൽ വടകര തിരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിലിനെ അനുകൂലിച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് വന്നത്. സംഭവത്തിന് പിന്നിൽ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്നവരാണെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

More Stories from this section

family-dental
witywide