മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച, ഭൂരിപക്ഷം ഉറപ്പെന്ന് കേന്ദ്രം, ഷായെ കണ്ട് ഡിഎംകെ, കോൺഗ്രസിനോടുള്ള പ്രതികാരം, സ്റ്റാലിൻ സവർക്കർ 2.0 എന്ന് ടിവികെ; ഇന്ത്യാ സഖ്യത്തിന് തലവേദനയേറുന്നു

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാക്കാനുള്ള നിർണ്ണായക ഭൂരിപക്ഷത്തിലേക്ക് കേന്ദ്ര സർക്കാർ അടുക്കുന്നു. തിങ്കളാഴ്ച ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കാൻ രാഷ്ട്രപതി അനുമതി നൽകി. ഡിഎംകെ (22 അംഗങ്ങൾ), എൻസിപി ശരദ് പവാർ വിഭാഗം (8 അംഗങ്ങൾ), രാജ്യസഭയിൽ മൂന്ന് എംപിമാരുള്ള ബിആർഎസ് എന്നിവർ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിപക്ഷ നിരയായ ഇന്ത്യാ സഖ്യം കടുത്ത പ്രതിസന്ധിയിലായി. ഗോത്രവർഗ താൽപ്പര്യം മുൻനിർത്തി ജെഎംഎമ്മും സർക്കാരിനൊപ്പം നിന്നേക്കും. മണ്ഡല പുനർനിർണയം യാഥാർത്ഥ്യമായാൽ 2029-ഓടെ വനിതാ സംവരണം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയപ്പോൾ, വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമമാണിതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുക. 12 മണിക്കൂർ വരെ നീളുന്ന ചർച്ചയും അഞ്ച് മണിക്കൂർ വോട്ടെടുപ്പും ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, ആർഎസ്പി, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയ കക്ഷികൾ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചു. രാജ്യത്തെ ജനാധിപത്യത്തെ സർക്കാർ അസാന്മാർഗിക മാർഗത്തിലൂടെ അട്ടിമറിക്കുകയാണെന്ന് ഇന്ത്യാ സഖ്യം അപലപിച്ചു.

നിർണ്ണായക വോട്ടെടുപ്പ് നടക്കുന്ന ദിനത്തിൽ മുതിർന്ന നേതാക്കളായ കെ. സുധാകരന്റെയും മനീഷ് തിവാരിയുടെയും വിദേശ യാത്രകൾ കോൺഗ്രസിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ചികിത്സയ്ക്കായി അമേരിക്കയിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട് നിലവിൽ അബുദാബിയിലുള്ള കെ. സുധാകരൻ തിങ്കളാഴ്ച തിരികെയെത്തുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ജനീവയിലുള്ള മനീഷ് തിവാരിയോടും നാളെത്തന്നെ ഡൽഹിയിലെത്താൻ നേതൃത്വം നിർദ്ദേശിച്ചു. എല്ലാ എംപിമാർക്കും മൂന്ന് ലൈൻ വിപ്പ് നൽകിയ കോൺഗ്രസ്, പാർട്ടി മുഖ്യമന്ത്രിമാരോടും നാളെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്; ബില്ലിനെക്കുറിച്ച് വിശദീകരിക്കാൻ ബിജെപിയും തങ്ങളുടെ എംപിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ബിജെപി വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന എം.കെ. സ്റ്റാലിൻ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചത് ഇന്ത്യാ സഖ്യത്തിന് കനത്ത പ്രഹരമായി. കനിമൊഴി അടക്കമുള്ള നേതാക്കൾ അമിത് ഷായെ നേരിട്ട് കണ്ട് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്‌ക്കൊപ്പമുള്ള രാഷ്ട്രീയ നീക്കങ്ങൾക്കായി സ്റ്റാലിനെ കൈവിട്ട രാഹുൽ ഗാന്ധിയോട് പകരം വീട്ടാൻ ഇതിലൂടെ ഡിഎംകെയ്ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. അതേസമയം, സ്റ്റാലിനെ ‘സവർക്കർ 2.0’ എന്ന് പരിഹസിച്ചുകൊണ്ട് ടിവികെ സഖ്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

Delimitation Bill in Parliament on Monday DMK, NCP (SP), and BRS to Back Centre; INDIA Bloc Rattled as Cong Faces Hurdles Over Sudhakaran and Tewari Absence

More Stories from this section

family-dental
witywide