വാഷിങ്ടൺ: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായി ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ യുഎസും ചൈനയും റഷ്യയും നീക്കം ശക്തമാക്കുന്നു. സ്ഥിരം ചാന്ദ്രതാവളങ്ങൾ സ്ഥാപിക്കാനും ചന്ദ്രനിലെ വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും കൂടുതൽ ദൂരെയുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാനും ആണവോർജം നിർണായകമാകുമെന്നാണ് രാജ്യങ്ങളുടെ വിലയിരുത്തൽ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം അറ്റകുറ്റപ്പണികളില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ആണവ റിയാക്ടർ വികസിപ്പിക്കാൻ ഓഗസ്റ്റിൽ നാസ കരാറുകാരോട് നിർദേശിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2030 ഡിസംബറോടെ റിയാക്ടർ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യം.
അതേസമയം, ചൈനയുമായുള്ള രഹസ്യ സ്വഭാവമുള്ള സഹകരണത്തിന്റെ ഭാഗമായി ‘സെലീന’ എന്ന ചാന്ദ്ര ആണവ റിയാക്ടർ 2036ഓടെ വികസിപ്പിക്കാനാണ് റഷ്യയുടെ പദ്ധതി. ചൈനയുടെ നേതൃത്വത്തിലുള്ള ചാന്ദ്ര നിലയങ്ങൾക്ക് വൈദ്യുതി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചന്ദ്രനിൽ സ്ഥിരം താവളം സ്ഥാപിക്കണമെങ്കിൽ വിശ്വസനീയമായ വൈദ്യുതി ഉറവിടം അനിവാര്യമാണ്. പകൽ സമയത്ത് സോളാർ പാനലുകൾ വൈദ്യുതി നൽകുമെങ്കിലും ചന്ദ്രനിലെ രാത്രി ഭൂമിയിലെ കണക്കുപ്രകാരം രണ്ടാഴ്ചയിലേറെ നീളും. അതിനാൽ സോളാർ വൈദ്യുതിയിൽ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്.
സൂര്യപ്രകാശമില്ലാതെയും ആണവ റിയാക്ടറുകൾ പ്രവർത്തിപ്പിക്കാനാകും. പരിമിതമായ മനുഷ്യ ഇടപെടലോടെ ദീർഘകാലത്തേക്ക് വൈദ്യുതി നൽകാനും ഇവയ്ക്ക് കഴിയും. ചന്ദ്രനിലെ ആദ്യഘട്ട ദൗത്യങ്ങളിൽ ഉപകരണങ്ങൾ ചൂടായി നിലനിർത്താനും വാഹനങ്ങൾ ചാർജ് ചെയ്യാനും യുഎസും ചൈനയും സോളാർ വൈദ്യുതിയും റേഡിയോഐസോടോപ്പ് സംവിധാനങ്ങളും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ വലിയ ചാന്ദ്രതാവളങ്ങൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വരും. നാസയുടെ നിർദേശത്തിലുള്ള ‘ലൂണാർ റിയാക്ടർ 1’ 20 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് അഞ്ച് വർഷം മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. റഷ്യയുടെ സെലീന റിയാക്ടറിന് 10 കിലോവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാനും പത്ത് വർഷം സ്വയം പ്രവർത്തിക്കാനും കഴിയുമെന്നാണ് പദ്ധതി.
എന്നാൽ ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള നീക്കം സുരക്ഷാ ആശങ്കകളും ഉയർത്തുന്നുണ്ട്. റിയാക്ടർ വഹിക്കുന്ന റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടാൽ ആണവ അപകടത്തിനും റേഡിയോആക്ടീവ് വസ്തുക്കൾ പടരുന്നതിനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ചന്ദ്രനിൽ റിയാക്ടർ സ്ഥാപിക്കുകയും പിന്നീട് പരിപാലിക്കുകയും ചെയ്യുന്നതും വലിയ വെല്ലുവിളിയാകും. ഭൂമിയിലെ ആണവ നിലയങ്ങളിൽനിന്ന് വ്യത്യസ്തമായി ചന്ദ്രനിലെ റിയാക്ടറുകൾക്ക് സുരക്ഷാ കവചങ്ങൾ ഒരുക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ ബഹിരാകാശ യാത്രികരെയും ഉപകരണങ്ങളെയും വികിരണത്തിൽനിന്ന് സംരക്ഷിക്കാൻ റിയാക്ടറുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നേക്കും.
അപകടസാധ്യത കുറയ്ക്കാൻ യുഎസും റഷ്യയും റിയാക്ടറുകൾ ചന്ദ്രനിലേക്ക് അയയ്ക്കുമ്പോൾ പ്രവർത്തനരഹിതമായ നിലയിലായിരിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും കർശനമായ സുരക്ഷാ പരിശോധനകൾ നടത്തിയാലും അപകടസാധ്യത പൂർണമായി ഒഴിവാക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചന്ദ്രനിലേക്കുള്ള പ്രവേശനവും അവിടെയുള്ള വിഭവങ്ങളുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയരുന്നു. 1967ലെ ഔട്ടർ സ്പേസ് ട്രീറ്റി പ്രകാരം ഒരു രാജ്യത്തിനും ചന്ദ്രനെ സ്വന്തം പ്രദേശമായി അവകാശപ്പെടാനാകില്ല. എന്നാൽ ചാന്ദ്രതാവളങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം രാജ്യങ്ങൾക്ക് നിയന്ത്രിക്കാനാകുമോ, ചന്ദ്രനിൽനിന്ന് ശേഖരിക്കുന്ന വിഭവങ്ങളുടെ ഉടമസ്ഥാവകാശം ആർക്കായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.
ചൈനയും റഷ്യയും ചേർന്ന് വികസിപ്പിക്കുന്ന ആണവ റിയാക്ടർ ചന്ദ്രനിൽ ഒരു നിയന്ത്രിത മേഖല സൃഷ്ടിച്ച് അമേരിക്കൻ ബഹിരാകാശയാത്രികർക്കും റോവറുകൾക്കും സഞ്ചരിക്കാവുന്ന പ്രദേശം പരിമിതപ്പെടുത്തുമെന്ന ആശങ്കയാണ് നാസയുടെ പദ്ധതികൾ വേഗത്തിലാക്കാനുള്ള കാരണങ്ങളിലൊന്ന്. സുരക്ഷയുടെ പേരിൽ ഇത്തരം മേഖലകൾ സൃഷ്ടിക്കുന്നത് ഔട്ടർ സ്പേസ് ട്രീറ്റി ഉറപ്പുനൽകുന്ന ബഹിരാകാശത്തിന്റെ സ്വതന്ത്ര ഉപയോഗമെന്ന തത്വവുമായി പൊരുത്തപ്പെടുമോ എന്നതിലും നിയമവിദഗ്ധർ സംശയം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, യുഎസും ചൈനയും റഷ്യയും നിർദേശിച്ച ആണവ റിയാക്ടറുകൾ ചന്ദ്രനിൽ വിജയകരമായി സ്ഥാപിച്ച് പ്രവർത്തിപ്പിക്കാനാകുമെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. സാങ്കേതികവും സുരക്ഷാപരവുമായ വെല്ലുവിളികൾ പരിഹരിക്കുന്നതിനനുസരിച്ച് പദ്ധതികളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാനിടയുണ്ട്.
US, China And Russia Race To Build Nuclear Reactors On The Moon: Report











