വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ അടുത്തയാഴ്ച ചൈനയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെയാകും മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചർച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയിൽസ് അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ മൂന്ന് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന കൂടിക്കാഴ്ചയിൽ ആണവായുധങ്ങളുടെ വ്യാപനം തടയുന്നതും ആയുധശേഖരം കുറയ്ക്കുന്നതും പ്രധാന ചർച്ചാവിഷയങ്ങളാകുമെന്ന് വെയിൽസ് പറഞ്ഞു. ഇറാൻ വിഷയവും ചർച്ചയായേക്കുമെന്നാണ് സൂചന. എന്നാൽ യുക്രെയ്ൻ യുദ്ധം ചർച്ചയിൽ ഉൾപ്പെടില്ലെന്നാണ് വിവരം. കൂടിക്കാഴ്ച റഷ്യ സ്ഥിരീകരിച്ചെങ്കിലും ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചർച്ചയിൽനിന്ന് ഉടനടി കരാറുകളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 21 അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന എപെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് ബുധനാഴ്ച വൈകിട്ടോടെ ഷെൻഷെനിലെത്തും. വ്യാഴാഴ്ച ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചയും നടത്തും. 2025ൽ വീണ്ടും അധികാരത്തിലെത്തിയശേഷം ഇരുവരും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്.
ചൈനാ സന്ദർശനത്തിന്റെ അവസാനഘട്ടത്തിലാകും പുടിനുമായും ഷിയുമായുമുള്ള ത്രികക്ഷി ചർച്ചയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച ഫിലിപ്പീൻസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഇന്ത്യ-പസഫിക് മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന് നിർണായക നേട്ടങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സന്ദർശനമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുഎസും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാർ ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ ആണവായുധ ശേഖരങ്ങൾക്ക് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യമുണ്ടായി. ശീതയുദ്ധം അവസാനിക്കാൻ സഹായിച്ച ആയുധനിയന്ത്രണ സഹകരണത്തിനും ഇതോടെ വിരാമമായി. പുതിയ കരാർ ഉടൻ രൂപീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയെയും ഉൾപ്പെടുത്തി കൂടുതൽ മികച്ച കരാർ കൊണ്ടുവരാനാകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെയും റഷ്യയുടെയും സഹകരണം ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നും വർഷങ്ങൾ വേണ്ടിവരുമെന്നും മുൻ യുഎസ് ഉദ്യോഗസ്ഥരും വിദഗ്ധരും വിലയിരുത്തിയിരുന്നു.
ഈ വർഷം ആദ്യം പുടിനെയും ട്രംപിനെയും ദിവസങ്ങളുടെ ഇടവേളയിൽ ഷി ബെയ്ജിങ്ങിൽ പ്രത്യേകം സ്വീകരിച്ചിരുന്നു. സെപ്റ്റംബറിൽ ഷിയെ വാഷിങ്ടനിലേക്ക് ട്രംപും ക്ഷണിച്ചിരുന്നു.2022ൽ യുക്രെയ്നിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം മോസ്കോയുടെ പ്രധാന വ്യാപാര പങ്കാളിയായി ചൈന മാറി. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും റഷ്യയ്ക്ക് ചൈനയുടെ പിന്തുണ നിർണായകമാണ്.
അതേസമയം, റഷ്യയിൽനിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള യുഎസ് നീക്കവും റഷ്യൻ എണ്ണ-വാതകത്തിന്റെ പ്രധാന വാങ്ങുന്ന രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങളിൽ ഇളവ് വരുത്തിയതും ട്രംപ് ഭരണകൂടത്തിന്റെ റഷ്യൻ നിലപാടിൽ മാറ്റമുണ്ടാകുന്നുവെന്ന യൂറോപ്യൻ ആശങ്ക വർധിപ്പിച്ചിരുന്നു. ട്രംപും ഷിയും ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വ്യാപാരം, നിർമിതബുദ്ധി രംഗത്തെ മത്സരം, തായ്വാൻ തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇറാനിലെ യുദ്ധവും ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്കവിഷയമാണ്.
ഇറാന്റെ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവും പ്രധാന വ്യാപാര പങ്കാളിയുമാണ് ചൈന. എപെക് ഉച്ചകോടിക്കിടെ ഷി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ട്രംപ്, പുടിൻ, ഷി എന്നിവരുടെ ത്രികക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉച്ചകോടിക്കിടെ ഇത്തരമൊരു ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന സൂചനകൾ ലഭിച്ചതായി ഈ മാസം ആദ്യം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞിരുന്നു.
Trump–Putin–Xi meeting to be held in China next week; White House calls it a historic trilateral discussion.













