വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി (H-1B) വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തള്ളി അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതി. ഫീസ് റദ്ദാക്കിയ താഴ്ന്ന കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ബോസ്റ്റണിലെ ഫസ്റ്റ് സർക്യൂട്ട് അപ്പീൽ കോടതി നിരസിച്ചു. ജൂൺ 8-ന് യു.എസ്. ജില്ലാ ജഡ്ജി ലിയോ ടി. സോറോകിൻ പുറപ്പെടുവിച്ച വിധിയിൽ, കോൺഗ്രസിന്റെ അനുമതിയില്ലാതെ ചുമത്തിയ ഈ ഫീസ് നിയമവിരുദ്ധ നികുതിയാണെന്ന് ചൂണ്ടിക്കാട്ടി അത് റദ്ദാക്കിയിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച തള്ളുകയായിരുന്നു.
ഡെമോക്രാറ്റ് ഭരിക്കുന്ന 20 സംസ്ഥാനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി വിധി. കോൺഗ്രസിന് ഇത്തരമൊരു അധികാരം കൈമാറാൻ കഴിയുമോ എന്നതല്ല, മറിച്ച് കോൺഗ്രസ് യഥാർത്ഥത്തിൽ അത്തരമൊരു അധികാരം നൽകിയിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ട വിഷയമെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു പുതിയ എച്ച്-1ബി വിസ അനുവദിക്കുന്നതിന് 1,00,000 ഡോളർ ഫീസ് ഈടാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്.
1989-ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയ അപ്പീൽ കോടതി, ഫീസായാലും നികുതിയായാലും സാമ്പത്തിക ബാധ്യത ചുമത്താൻ കോൺഗ്രസ് വ്യക്തമായ അധികാരം നൽകിയിട്ടുണ്ടെന്ന് ഭരണകൂടം തെളിയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ഈ കേസിൽ അത്തരം വ്യക്തമായ അധികാരം ആവശ്യമില്ലെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റേ അനുവദിക്കാത്തപക്ഷം ഹർജി നൽകിയ സംസ്ഥാനങ്ങൾക്ക് കാര്യമായ ദോഷമുണ്ടാകില്ലെന്ന വാദവും ഭരണകൂടത്തിന് തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ അമേരിക്ക പ്രതിവർഷം 65,000 എച്ച്-1ബി വിസകളും, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികൾക്കായി 20,000 അധിക വിസകളും അനുവദിക്കുന്നുണ്ട്. നിലവിൽ ഒരു എച്ച്-1ബി വിസയ്ക്ക് സാധാരണയായി 2,000 മുതൽ 5,000 ഡോളർ വരെയാണ് വിവിധ ഫീസുകളായി ഈടാക്കുന്നത്. പ്രത്യേക സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികൾ ഉപയോഗിക്കുന്ന വിസയാണ് എച്ച്-1ബി വിസ. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിദഗ്ധരെ ഓരോ വർഷവും അമേരിക്കൻ ടെക് കമ്പനികൾ ഈ വിസ വഴിയാണ് നിയമിക്കുന്നത്.
US court rejects Trump administration bid to revive $100,000 H-1B visa fee












