രണ്ട് പതിറ്റാണ്ടോളം കോൺഗ്രസ് അംഗം, മുൻ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ ഡെന്നിസ് ഹാസ്റ്റർട്ട് അന്തരിച്ചു

വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന റിപ്പബ്ലിക്കൻ നേതാവും വിവാദങ്ങൾക്കൊടുവിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്ന മുതിർന്ന രാഷ്ട്രീയ നേതാവുമായ ഡെന്നിസ് ഹാസ്റ്റർട്ട് (84) അന്തരിച്ചു. വാരാന്ത്യത്തിൽ സ്വന്തം വസതിയിൽ വെച്ച് സ്വാഭാവിക കാരണങ്ങളാലായിരുന്നു അന്ത്യമെന്ന് ഇല്ലിനോയിയിലെ കെൻഡാൽ കൗണ്ടി കൊറോണർ ജാക്കി പർസൽ തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ഇല്ലിനോയിയെ പ്രതിനിധീകരിച്ച് രണ്ട് പതിറ്റാണ്ടോളം കോൺഗ്രസ് അംഗമായി പ്രവർത്തിച്ച ഹാസ്റ്റർട്ട്, യുഎസ് ചരിത്രത്തിൽ ജയിൽശിക്ഷ അനുഭവിച്ച ഏറ്റവും ഉയർന്ന പദവിയിലുള്ള മുൻ ജനപ്രതിനിധി കൂടിയാണ്. ഹൈസ്കൂൾ റെസ്ലിങ് പരിശീലകനായിരുന്ന കാലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം പുറത്തറിയാതിരിക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട ബാങ്കിങ് നിയമലംഘനക്കേസിൽ 2016-ൽ ഇദ്ദേഹത്തിന് 15 മാസത്തെ തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിന് വൻ തിരിച്ചടിയായി മാറി.

1942-ൽ ഇല്ലിനോയിയിലെ അറോറയിൽ ഒരു കർഷക കുടുംബത്തിലാണ് ഹാസ്റ്റർട്ടിന്റെ ജനനം. വീറ്റൺ കോളേജിൽ നിന്നും നോർത്തേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം 16 വർഷത്തോളം അദ്ദേഹം സ്കൂൾ അധ്യാപകനായും ഗുസ്തി പരിശീലകനായും സേവനമനുഷ്ഠിച്ചു. 1976-ൽ ഇല്ലിനോയിയിലെ മികച്ച കോച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം, പരിശീലകനായിരുന്ന കാലത്ത് കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അദ്ദേഹം കോടതിയിൽ സമ്മതിക്കുകയുണ്ടായി.

ഇല്ലിനോയി നിയമസഭയിലൂടെ രാഷ്ട്രീയ പ്രവർത്തനം ശക്തമാക്കിയ ഹാസ്റ്റർട്ട്, 1986-ൽ ഇല്ലിനോയിയിലെ 14-ാം ജില്ലയിൽ നിന്ന് യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1987 മുതൽ 2007 വരെ അദ്ദേഹം സഭയിൽ സേവനമനുഷ്ഠിച്ചു. റിപ്പബ്ലിക്കൻ നേതൃനിരയിൽ വേഗത്തിൽ വളർന്ന അദ്ദേഹം 1995-ൽ ചീഫ് ഡെപ്യൂട്ടി വിപ്പായി ചുമതലയേറ്റു. 1998-ൽ അന്നത്തെ സ്പീക്കർ ന്യൂട്ട് ഗിൻഗ്രിച്ച് രാജിവെച്ചതിനെത്തുടർന്നും പിൻഗാമിയാകേണ്ടിയിരുന്ന ബോബ് ലിവിങ്സ്റ്റൺ വ്യക്തിപരമായ വിവാദങ്ങളിൽപ്പെട്ട് പിന്മാറിയതിനെയും തുടർന്നാണ് അപ്രതീക്ഷിതമായി ഹാസ്റ്റർട്ട് സ്പീക്കർ പദവിയിലെത്തിയത്. ജീൻ കാൽ ആണ് ഭാര്യ, രണ്ട് ആൺമക്കളുണ്ട്.

More Stories from this section

family-dental
witywide