അമേരിക്കയിൽ കുടിയേറ്റ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള പുതിയ ചട്ടങ്ങളുമായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ). പിഴ ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മുൻ നടപടിക്രമം ഫെഡറൽ കോടതി തടഞ്ഞ് ദിവസങ്ങൾക്കകമാണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 9ന് ബ്ലൂംബെർഗ് ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുടിയേറ്റ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന നിലവിലെ നയത്തിന്റെ അടിസ്ഥാനരീതി പുതിയ ചട്ടങ്ങളിലും നിലനിർത്തിയിട്ടുണ്ട്.
എന്നാൽ, തപാൽ വൈകുന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽ പ്രതികരിക്കാൻ കഴിയാത്തവർക്ക് ചില സാഹചര്യങ്ങളിൽ സമയപരിധി കഴിഞ്ഞും അപ്പീൽ നൽകാൻ അനുമതി നൽകുന്നതാണ് പ്രധാന മാറ്റം. നാടുകടത്തൽ ഉത്തരവ് ലഭിച്ചിട്ടും അമേരിക്ക വിടാത്ത കുടിയേറ്റക്കാർക്ക് കനത്ത പിഴ ചുമത്തുന്നതിനെച്ചൊല്ലി നിയമപോരാട്ടം തുടരുന്നതിനിടെയാണ് പുതിയ നടപടി. ജൂലൈയിൽ 1,03,000ത്തിലധികം പിഴകൾ ചുമത്തിയതായും ഇവയുടെ ആകെ തുക 84 ബില്യൺ ഡോളറാണെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചിരുന്നു.
മസാച്യുസെറ്റ്‌സിലെ യുഎസ് ജില്ലാ ജഡ്ജി ജോർജ് എ. ഒ’ടൂൾ ജൂനിയർ സെപ്റ്റംബർ 30ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് പുതിയ ചട്ടങ്ങൾ. നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ മുൻ ഇടക്കാല ചട്ടം നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു. ആ ചട്ടപ്രകാരം ചുമത്തിയ പിഴകൾ ഈടാക്കുന്നതിനും ഉത്തരവ് വിലക്കേർപ്പെടുത്തി. സർക്കാരിന്റെ നടപടി ഫെഡറൽ കുടിയേറ്റ നിയമവുമായി പൊരുത്തപ്പെടാൻ സാധ്യതയില്ലെന്നും പിഴ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
പിഴ ചുമത്തുന്നതിന് ഐസിഇ സ്വീകരിച്ച നടപടിക്രമങ്ങളെയാണ് കേസ് ചോദ്യം ചെയ്തത്. പിഴ സംബന്ധിച്ച അറിയിപ്പുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചതും പിഴ ചോദ്യം ചെയ്യാനുള്ള സമയപരിധി കുറച്ചതും ഇതിൽ ഉൾപ്പെടുന്നു. അപ്പീലുകൾ പരിഗണിച്ചിരുന്ന നീതിന്യായ വകുപ്പിന് കീഴിലുള്ള ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസിൽനിന്ന് അതിന്റെ ചുമതല ആഭ്യന്തര സുരക്ഷാ വകുപ്പിലേക്ക് മാറ്റിയതും മുൻ ചട്ടങ്ങളുടെ ഭാഗമായിരുന്നു. പുതിയ ചട്ടപ്രകാരം തപാൽ വിതരണത്തിലുണ്ടാകുന്ന കാലതാമസം കാരണം സമയപരിധിക്കുള്ളിൽ സമർപ്പിക്കാനാകാത്ത അപ്പീലുകൾ വൈകിയും നൽകാം. എന്നാൽ, പിഴ ചുമത്തുന്ന ഭരണകൂടത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശാലമായ നിയമതർക്കം ഇതോടെ അവസാനിക്കുന്നില്ല.
അനുവദിച്ച സമയത്തിനുള്ളിൽ സ്വമേധയാ രാജ്യം വിടാതിരിക്കുക, നാടുകടത്താനുള്ള അന്തിമ ഉത്തരവ് ലഭിച്ചിട്ടും മനഃപൂർവം രാജ്യം വിടാതിരിക്കുക, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവൃത്തികൾ എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്. അന്തിമ നാടുകടത്തൽ ഉത്തരവിനുശേഷവും അമേരിക്കയിൽ തുടരുന്ന ചില കുടിയേറ്റക്കാർക്ക് പ്രതിദിനം 998 ഡോളർ വരെ പിഴ ചുമത്തിയിട്ടുണ്ട്. അഞ്ചുവർഷംവരെ മുൻകാലത്തേക്കും പിഴ കണക്കാക്കാൻ കഴിയുന്നതിനാൽ ചില കേസുകളിൽ ആകെ തുക ഏകദേശം 18 ലക്ഷം ഡോളർ വരെയാകാം. കുടിയേറ്റ നിയമം നടപ്പാക്കുന്നതിനും നിയമപരമായ അനുമതിയില്ലാതെ രാജ്യത്ത് തുടരുന്നവരെ മടങ്ങാൻ പ്രേരിപ്പിക്കുന്നതിനുമാണ് പിഴയെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം.
എന്നാൽ, പിഴ ചുമത്തുന്ന നടപടിക്രമങ്ങളിൽ മതിയായ സുരക്ഷാ വ്യവസ്ഥകളില്ലെന്നും ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ആരോപിച്ച് കുടിയേറ്റക്കാരും അവകാശസംഘടനകളും കോടതിയെ സമീപിച്ചു. വ്യക്തിഗത പിഴകൾക്ക് ആധാരമായ നിയമലംഘനങ്ങൾ എന്താണെന്ന് സർക്കാർ ഉദ്യോഗസ്ഥർ മതിയായ രീതിയിൽ വിശദീകരിച്ചിട്ടുണ്ടോയെന്നതുൾപ്പെടെ ഗൗരവമായ നിയമപ്രശ്നങ്ങൾ നടപടിക്രമങ്ങളിൽ ഉണ്ടെന്ന് സെപ്റ്റംബറിലെ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
പുതിയ ചട്ടങ്ങൾ നിലവിൽ വന്നതുകൊണ്ട് കുടിയേറ്റവുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്ക് മറുപടി നൽകേണ്ട ബാധ്യതയോ നിലവിലുള്ള കേസുകളോ ഇല്ലാതാകില്ല. പിഴ സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നവർ അതിലെ സമയപരിധിയും അപ്പീൽ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും ശ്രദ്ധിക്കണം. അതേസമയം, നേരത്തേ ചുമത്തിയ എല്ലാ പിഴകളും റദ്ദാക്കിയെന്നല്ല കോടതി ഉത്തരവിന്റെ അർഥം. മുൻ ഇടക്കാല ചട്ടപ്രകാരം ചുമത്തിയ പിഴകൾ ഈടാക്കുന്നതിനാണ് കോടതി വിലക്കേർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്.
US immigration fines: ICE finalizes new rules after judge blocks Trump policy; appeals process gets key change












