
വാഷിംഗ്ടൺ: കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനിയൻ ചരക്കുകപ്പലായ ‘എം/വി തൗസ്ക’ വെടിവെച്ച് പിടിച്ചെടുത്ത സൈനിക നടപടിയുടെ വിശദാംശങ്ങൾ അമേരിക്കൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പുറത്തുവിട്ടു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച കപ്പലുകൾക്കിടയിൽ, തിരിച്ചുപോകാൻ തയ്യാറാകാത്ത ഏക കപ്പലായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സൈന്യം നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കപ്പലിലെ ജീവനക്കാർ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.
കപ്പലിനെ തടയുന്നതിന്റെ ഭാഗമായി യുഎസ് നാവികസേന അഞ്ച് തവണ ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് മാർഗങ്ങളൊന്നും ഫലിക്കാതെ വന്നതോടെയാണ് കപ്പലിന്റെ എൻജിൻ പ്രവർത്തനരഹിതമാക്കാൻ സെൻട്രൽ കമാൻഡ് ഉത്തരവിട്ടത്. എൻജിൻ റൂമിൽ നിന്ന് മാറിനിൽക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയ ശേഷം, യുഎസ് ഡിസ്ട്രോയർ കപ്പലിൽ നിന്ന് ഒൻപത് റൗണ്ട് വെടിവെച്ച് തൗസ്കയുടെ എൻജിൻ തകർക്കുകയായിരുന്നുവെന്ന് ജനറൽ കെയ്ൻ വിശദീകരിച്ചു.
എൻജിൻ തകർന്നതോടെ കടലിൽ നിശ്ചലമായ കപ്പൽ പിന്നീട് അമേരിക്കൻ സൈന്യത്തിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങി. കപ്പൽ നിലവിൽ അമേരിക്കയുടെ കസ്റ്റഡിയിലാണ്. ഇതിനുപുറമെ, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് മുൻപ് പിടിച്ചെടുത്ത ‘എം/ടി ടിഫാനി’, ‘എം/ടി മജസ്റ്റിക് എക്സ്’ എന്നീ രണ്ട് കപ്പലുകളും അവയിലെ ജീവനക്കാരും ഇപ്പോഴും യുഎസ് കസ്റ്റഡിയിൽ തുടരുകയാണെന്നും സൈനിക മേധാവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി കർശനമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













