‘ബർത്ത് ടൂറിസം’ തടയാൻ യുഎസ്; വിസ നിയമങ്ങൾ കടുപ്പിച്ചു, ട്രാവൽ ഏജൻസികളും മെഡിക്കൽ നെറ്റ്‌വർക്കുകളും നിരീക്ഷണത്തിൽ

വാഷിംഗ്ടൺ: വിദേശ പൗരന്മാർക്ക് അമേരിക്കൻ മണ്ണിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്ന വാണിജ്യ ‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ് ഭരണകൂടം. ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഏജൻസികൾക്കും വ്യക്തികൾക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 212(a)(3)(C) പ്രകാരമാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ചില ആഗോള ശൃംഖലകൾ വിദേശികൾക്ക് അമേരിക്കയിൽ പ്രസവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്. വിസ അപേക്ഷകളിൽ കള്ളം പറയാൻ അപേക്ഷകരെ പഠിപ്പിക്കുന്ന വിസ ‘ഫിക്സർമാർ’, ഇതിനായി യുഎസിലെ മെഡിക്കൽ ഇൻഷുറൻസ് സംവിധാനമായ ‘മെഡിക്കെയ്ഡ്’ ദുരുപയോഗം ചെയ്യുന്നവർ, ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്ന വിദേശ മെഡിക്കൽ സേവനദാതാക്കൾ എന്നിവരെയാണ് പ്രധാനമായും പുതിയ നയത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും വിസ നിയന്ത്രണം ബാധകമായേക്കും.

കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുക എന്ന ഏക ലക്ഷ്യത്തോടെ, ഗർഭാവസ്ഥയിൽ വിസിറ്റർ വിസ എടുത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് നിലവിൽ അനുവദനീയമല്ലെന്ന് ഇന്ത്യൻ അപേക്ഷകർ മനസ്സിലാക്കേണ്ടതുണ്ട്. പുതിയ വിസ നിയന്ത്രണം നിലവിൽ വന്നതോടെ വിസ ഇന്റർവ്യൂകളിലും വിമാനത്താവളങ്ങളിലെ പരിശോധനകളിലും കർശനമായ നിരീക്ഷണം ഉണ്ടാകും. വിനോദസഞ്ചാര വിസയിൽ എത്തുന്ന ഗർഭിണികളുടെ യാത്രാ ഉദ്ദേശ്യം സംബന്ധിച്ചുള്ള പരിശോധന യുഎസ് ഇമിഗ്രേഷൻ വിഭാഗം ശക്തമാക്കും.

പുതിയ വിസ നിയന്ത്രണങ്ങൾ നിലവിൽ വന്നതുകൊണ്ട് മാത്രം യുഎസിൽ ജനിക്കുന്ന ഇന്ത്യൻ ദമ്പതികളുടെ കുട്ടികളുടെ പൗരത്വം സ്വയമേവ റദ്ദാകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അമേരിക്കൻ മണ്ണിൽ ജനിക്കുന്നത് കൊണ്ട് മാത്രം കുട്ടിക്ക് പൗരത്വം ലഭിക്കുന്ന ‘ബർത്ത്‌റൈറ്റ് സിറ്റിസൺഷിപ്പ്’ (ജന്മാവകാശ പൌരത്വം) നിയമം പൂർണ്ണമായി നിർത്തലാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. വിസിറ്റിംഗ് വിസകളിൽ യുഎസിലെത്തി പ്രസവിക്കുന്നത് തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും വിസ പരിശോധനകൾ കർശനമാക്കുകയും ചെയ്തുകൊണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഹോംലാൻഡ് സെക്യൂരിറ്റിയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രാ ഉദ്ദേശ്യം മറച്ചുവെക്കുന്നവരുടെ വിസകൾ റദ്ദാക്കാനും എയർപോർട്ടുകളിൽ വെച്ച് പ്രവേശനം നിഷേധിക്കാനുമുള്ള അധികാരം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നൽകുന്ന കണക്കുകൾ പ്രകാരം, 2024ൽ വിദേശ വിലാസമുള്ള സ്ത്രീകൾക്ക് യുഎസിൽ 9,500 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. ഇത് ആ വർഷം യുഎസിൽ നടന്ന ആകെ പ്രസവങ്ങളുടെ (37 ലക്ഷം) വെറും 0.5 ശതമാനം മാത്രമാണ്.

US moves to curb ‘birth tourism’; visa rules tightened, travel agencies and medical networks under scrutiny.

More Stories from this section

family-dental
witywide