
വാഷിംഗ്ടൺ: കാനഡയിലെ വിക്ടോറിയയിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ നടന്ന 28-ാമത് ഇന്തോ-പസഫിക് ചീഫ്സ് ഓഫ് ഡിഫൻസ് കോൺഫറൻസിന്റെ (CHODs) ഭാഗമായി യുഎസ് പസഫിക് കമാൻഡർ അഡ്മിറൽ സാമുവൽ ജെ. പപാരോ വിവിധ രാജ്യങ്ങളിലെ സൈനിക തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുമായി ഉഭയകക്ഷി-ബഹുമുഖ ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്.
ക്വാഡ്, ഡിഫൻസ് കോപ്പറേഷൻ കൗൺസിൽ, ആസിയാൻ (ASEAN) രാജ്യങ്ങളിലെ സൈനിക നേതൃത്വം എന്നിവരുമായി അഡ്മിറൽ പപാരോ ആശയവിനിമയം നടത്തി. ഓസ്‌ട്രേലിയ, യുകെ എന്നീ രാജ്യങ്ങളിലെ പ്രതിരോധ അധികാരികളുമായി അക്കസ് (AUKUS) ചർച്ചകളിൽ പങ്കെടുത്ത അദ്ദേഹം, നാറ്റോ മിലിട്ടറി കമ്മിറ്റി ചെയർമാൻ അഡ്മിറൽ ജൂസെപ്പെ കാവോ ഡ്രാഗണുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യ, ബംഗ്ലാദേശ്, ബ്രൂണെ, കമ്പോഡിയ, കാനഡ, ഫ്രാൻസ്, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, മംഗോളിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ മുതിർന്ന പ്രതിരോധ പ്രതിനിധികളുമായി വിവരശേഖരണ പങ്കാളിത്തം, നാവിക സുരക്ഷ, സജ്ജത എന്നിവ സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തി. നേപ്പാളിലുണ്ടായ സമീപകാല ദുരന്തത്തിൽ അനുശോചനം അറിയിക്കാൻ നേപ്പാൾ ആർമിയുടെ ഈസ്റ്റേൺ ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ പവൻ രാജ് ഘിമിരെയുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.
സമ്മേളനത്തിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡർ ജനറൽ യാങ് ഷിബിനുമായി അഡ്മിറൽ പപാരോ നടത്തിയ കൂടിക്കാഴ്ച ചരിത്രപ്രാധാന്യമുള്ളതായിരുന്നു. ഇരു നേതാക്കളും തമ്മിൽ നേരിട്ടുനടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. അനാവശ്യമായ സൈനിക തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ഇരുസേനകളും തമ്മിൽ ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നുവെക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
“കൂട്ടുത്തരവാദിത്തമുള്ള സുരക്ഷ ശക്തമാക്കൽ: ചലനാത്മകമായ ഇന്തോ-പസഫിക് പശ്ചാത്തലത്തിലെ വെല്ലുവിളികളെ നേരിടൽ” (Strengthening Collective Security: Navigating Challenges in a Dynamic Indo-Pacific Landscape) എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ കോൺഫറൻസ് സംഘടിപ്പിച്ചത്. 29 രാജ്യങ്ങളിൽ നിന്നുള്ള 30 പ്രതിനിധി സംഘങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. നിർമ്മിത ബുദ്ധി (AI), പുതിയ സാങ്കേതികവിദ്യകൾ, പ്രതിരോധ മേഖലയിലെ നിക്ഷേപങ്ങൾ, സൈനിക നേതൃത്വ വികസനം എന്നിവ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായി.












