യുഎസിൽ വോട്ടർ പരിശോധനയ്ക്ക് പാസ്‌പോർട്ട് രേഖകൾ ഉപയോഗിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: വോട്ടർമാരുടെ യോഗ്യത പരിശോധിക്കാൻ പാസ്‌പോർട്ട് രേഖകൾ ഉപയോഗിക്കാൻ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർക്കും ചില ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും അനുമതി നൽകുന്ന പദ്ധതി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രധാന നിയമനിർമാതാക്കൾക്ക് അയച്ച അറിയിപ്പിനെ അടിസ്ഥാനമാക്കിയുള്ള ബ്ലൂംബെർഗ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പാസ്‌പോർട്ട് സേവന രേഖകൾ ഉപയോഗിക്കാവുന്ന അംഗീകൃത “പതിവ് ആവശ്യങ്ങളിൽ” (routine uses) “വോട്ടർ യോഗ്യത പരിശോധന” കൂടി ഉൾപ്പെടുത്താനാണ് നിർദേശം. പൗരത്വവും വ്യക്തി തിരിച്ചറിയലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഉൾപ്പെടുന്ന രേഖകളാണിവ. നിലവിൽ പ്രത്യേക ആവശ്യങ്ങൾക്കായി പ്രധാനമായും സർക്കാർ ഏജൻസികളാണ് ഇത്തരം രേഖകൾ ഉപയോഗിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് പൗരത്വം പരിശോധിക്കാനും വോട്ടർ പട്ടികകൾ പരിശോധിക്കാനും ഫെഡറൽ ഡാറ്റാബേസുകളുടെ ഉപയോഗം വ്യാപിപ്പിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. നിലവിലെ ചട്ടപ്രകാരം സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ, തൊഴിൽ അപേക്ഷകൾ, സ്വത്ത് കൈമാറ്റ നടപടികൾ, നിയമപാലനം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് പൗരത്വവും വ്യക്തിത്വവും സ്ഥിരീകരിക്കാൻ പാസ്‌പോർട്ട് രേഖകൾ ഉപയോഗിക്കാം. നിർദേശിച്ച മാറ്റം നിലവിൽ അനുവദിച്ചിട്ടുള്ള ഉപയോഗങ്ങൾ വോട്ടർ യോഗ്യത പരിശോധിക്കുന്നതിലേക്കും വ്യാപിപ്പിക്കും.

സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ ചില ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും രേഖകളിലേക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഏതൊക്കെ സംഘടനകൾക്ക് യോഗ്യത ലഭിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ നടക്കുന്ന കേസിന്റെ ഭാഗമായി ഈ ആഴ്ച കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പദ്ധതി വെളിപ്പെടുത്തിയത്. അമേരിക്കയിലെ തിരഞ്ഞെടുപ്പുകൾ പ്രധാനമായും സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളാണ് നിയന്ത്രിക്കുന്നത്. അതിനാൽ ഫെഡറൽ രേഖകളുടെ ഉപയോഗം വിപുലീകരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം രാഷ്ട്രീയ-നിയമ തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ഫെഡറൽ നിയന്ത്രണം അനാവശ്യമായി വ്യാപിപ്പിക്കുകയാണെന്ന് ഡെമോക്രാറ്റിക് സംഘടനകളും വോട്ടവകാശ സംഘടനകളും ആരോപിച്ച് കേസുകൾ നൽകിയിട്ടുണ്ട്. പൗരത്വ വ്യവസ്ഥകൾ നടപ്പാക്കാനും തിരഞ്ഞെടുപ്പ് തട്ടിപ്പ് തടയാനുമുള്ള നടപടികളാണിതെന്നാണ് ഭരണകൂടത്തിന്റെ വാദം. ഫെഡറൽ ഡാറ്റാബേസുകളുടെ ഉപയോഗം വിപുലീകരിക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് പാസ്‌പോർട്ട് രേഖകളുമായി ബന്ധപ്പെട്ട നിർദേശവും.

അതേസമയം, സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ വിവരങ്ങൾ ഉൾപ്പെടുത്തി Systematic Alien Verification for Entitlements (SAVE) ഡാറ്റാബേസ് വിപുലീകരിക്കാനും സംസ്ഥാനങ്ങൾക്ക് കൂട്ടമായി പരിശോധന നടത്താനും അനുമതി നൽകണമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് യുഎസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുമെന്നും അർഹരായ വോട്ടർമാരുടെ രജിസ്ട്രേഷൻ തെറ്റായി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഫെഡറൽ ജില്ലാ ജഡ്ജി നേരത്തെ ഈ പദ്ധതി തടഞ്ഞിരുന്നു.

ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയ നിയന്ത്രണ നടപടിക്രമങ്ങളുടെ സമയക്രമം പ്രകാരം, നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് പാസ്‌പോർട്ട് രേഖകളിലെ മാറ്റം പ്രാബല്യത്തിൽ വരാൻ സാധ്യതയില്ല. കോൺഗ്രസ് കമ്മിറ്റികളെ അറിയിച്ചതിന് 30 ദിവസത്തിന് ശേഷം നിർദേശം ഫെഡറൽ രജിസ്റ്ററിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നീക്കം. തുടർന്ന് പൊതുജനങ്ങൾക്ക് 30 ദിവസം കൂടി അഭിപ്രായങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകും. അതോടെ കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കപ്പെടുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിർദേശം തുടർനടപടികളിലേക്ക് കടക്കുക.

എന്നിരുന്നാലും നിർദേശം അന്തിമമായി അംഗീകരിക്കപ്പെട്ടാൽ ഭാവിയിലെ വോട്ടർ രജിസ്ട്രേഷൻ പരിശോധനകളിൽ ഇതിന് പ്രാധാന്യമുണ്ടാകാം. പാസ്‌പോർട്ട്, പൗരത്വ രേഖകൾ എന്നിവ വോട്ടർ യോഗ്യത പരിശോധിക്കുന്ന വിപുലമായ സംവിധാനത്തിന്റെ ഭാഗമാകുന്നതാണ് ഇതിന് കാരണം.

US passport records in voter verification? Trump administration pushes new election data plan

More Stories from this section

family-dental
witywide