വമ്പൻ വിജയത്തിന്റെ ശോഭ കെടുത്തി കടുത്ത ആരോപണം, ഡെമോക്രാറ്റിക് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി നേതൃത്വം

വാഷിംഗ്ടൺ: കഴിഞ്ഞ ആഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ ജനപ്രതിനിധി മാക്സ് മില്ലറെ പരാജയപ്പെടുത്തി വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബ്രയാൻ പോയിൻഡെക്സ്റ്ററിനെതിരെ ലൈംഗികാതിക്രമ ആരോപണം. സംഭവത്തിൽ ഹൗസ് ഡെമോക്രാറ്റുകളുടെ പ്രചാരണ വിഭാഗമായ ഡെമോക്രാറ്റിക് കോൺഗ്രഷണൽ ക്യാമ്പയിൻ കമ്മിറ്റി സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചു.

പരാതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, അനുചിതമായ പെരുമാറ്റം സംബന്ധിച്ച വസ്തുതകൾ ശേഖരിക്കാനും അഭിമുഖങ്ങൾ നടത്താനും സ്വതന്ത്ര സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും ഡി.സി.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ജൂലി മെർസ് പ്രസ്താവനയിൽ അറിയിച്ചു.

വിശദീകരണവുമായി പോയിൻഡെക്സ്റ്റർ ക്യാമ്പയിൻ

ഒരു പ്രചാരണ പ്രവർത്തകയോട് നടത്തിയ നിരുപദ്രവകരമായ പ്രശംസ മാത്രമായിരുന്നു അതെന്നാണ് പോയിൻഡെക്സ്റ്ററിന്റെ ക്യാമ്പയിൻ വക്താവ് നൽകുന്ന വിശദീകരണം. തന്റെ വാക്കുകൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് പിന്നീട് അറിഞ്ഞപ്പോൾ ബ്രയാൻ അതീവ ദുഃഖിതനായെന്നും, ഉടൻ തന്നെ പുറത്തുനിന്നുള്ള ഒരു എച്ച്.ആ സ്ഥാപനത്തിന്റെ സഹായത്തോടെ വിഷയം പരിശോധിക്കാൻ നടപടി തുടങ്ങിയെന്നും വക്താവ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ് രണ്ട് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾക്ക് ഈ പരാതി ലഭിക്കുന്നത്. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വിവരങ്ങൾ പരസ്യപ്പെടുത്താതിരുന്ന സംഘടനകൾ, വിഷയം ഡി.സി.സി.സിയെ അറിയിക്കുകയും പരാതിക്കാരിക്ക് നിയമസഹായം ഉറപ്പാക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നത് വരെ പോയിൻഡെക്സ്റ്ററിനുള്ള പിന്തുണ പിൻവലിക്കുന്നതായും ഈ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ജനപ്രതിനിധികൾക്കെതിരായ ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി പരിഷ്കരിക്കാൻ യു.എസ് കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം.

Also Read

More Stories from this section

family-dental
witywide