
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ മൂന്ന് ആണവ ശക്തികളായ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ തലവന്മാർ ചരിത്രത്തിൽ ആദ്യമായി ഒരുമിച്ച് കൂടിക്കാഴ്ച നടത്തുന്നു. അടുത്ത ആഴ്ച ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ പങ്കെടുക്കുന്ന ത്രികക്ഷി ചർച്ച നടക്കുക. നവംബർ 19-ന് കൂടിക്കാഴ്ച നടക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ശനിയാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തെ ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആണവ നിർവ്യാപനം ഉറപ്പാക്കുന്നതിനുമാണ് ചർച്ചയിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ആണവായുധ വ്യാപനം അതീവ അപകടകരമാണെന്നും മൂന്ന് രാജ്യങ്ങൾക്കും ഇടയിൽ പുതിയൊരു ആണവ കരാറിന് ഈ ചർച്ച വഴിതുറക്കുമെന്നും ട്രംപ് പ്രതീക്ഷിക്കുന്നു. ആണവ വിഷയങ്ങൾക്ക് പുറമെ പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ യുദ്ധവും നേതാക്കൾ ചർച്ച ചെയ്യും. എന്നാൽ ഉക്രെയ്ൻ വിഷയം ഈ ത്രികക്ഷി ചർച്ചയുടെ അജണ്ടയിലില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഉടൻ കരാറുകൾക്ക് സാധ്യതയില്ല
അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാന ആണവായുധ നിയന്ത്രണ കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ കാലഹരണപ്പെട്ടിരുന്നു. അതിനിടെ ചൈന തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉടനടി ഒരു കരാർ ഒപ്പിടാൻ സാധ്യതയില്ലെന്നും, മറിച്ച് മൂന്ന് ലോകനേതാക്കൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങളുടെ പ്രാരംഭ ഘട്ടം മാത്രമായിരിക്കും ഇതെന്നും മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിങ്കളാഴ്ച വാഷിംഗ്ടണിൽ നിന്ന് പുറപ്പെടുന്ന ട്രംപ്, ഫിലിപ്പീൻസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ചൈനയിലേക്ക് തിരിക്കുക. പ്രമുഖ വ്യവസായി ഇലോൺ മസ്കും ട്രംപിനൊപ്പം ഈ യാത്രയിൽ അനുഗമിക്കുമെങ്കിലും, ത്രികക്ഷി ചർച്ചയിൽ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ല.















