കൊടും പട്ടിണിയാകും, ലോകത്തിന്റെ ഭീതി യുഎസിനെയും ഇറാനെയും അറിയിച്ച് യുഎൻ; ‘ഹോർമുസ് കടലിടുക്ക് വഴിയുള്ള രാസവള നീക്കം അടിയന്തരമായി അനുവദിക്കണം’

അന്റാലിയ (തുർക്കി): പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്ക് വഴിയുള്ള രാസവള കപ്പലുകളുടെ സഞ്ചാരം അമേരിക്കയും ഇറാനും അടിയന്തരമായി അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭ. രാസവള ക്ഷാമം ദരിദ്ര രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് യു.എൻ ഓഫീസ് ഫോർ പ്രോജക്ട് സർവീസസ് മേധാവി ജോർജ് മൊറേറ ഡ സിൽവ മുന്നറിയിപ്പ് നൽകി. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന ‘കോപ് 31’ (COP31) കാലാവസ്ഥാ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന സമഗ്ര സമാധാന ചർച്ചകൾ തുടരട്ടെയെന്നും, എന്നാൽ അതിനിടയിൽ രാസവള നീക്കത്തിനായി പ്രത്യേകവും സമയബന്ധിതവുമായ താൽക്കാലിക കരാർ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള പ്രതിസന്ധി മറികടക്കാൻ ദിവസേന കുറഞ്ഞത് അഞ്ച് രാസവള കപ്പലുകളെങ്കിലും ഈ പാതയിലൂടെ കടത്തിവിടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

സംഘർഷത്തിന് മുൻപ് ലോകത്തിലെ ആകെ രാസവളത്തിന്റെ മൂന്നിലൊന്നും ഹോർമുസ് കടലിടുക്ക് വഴിയാണ് വിതരണം ചെയ്തിരുന്നത്. ഉപരോധങ്ങളും തടസ്സങ്ങളും കാരണം ആഗോളതലത്തിൽ രാസവള വിലയിൽ 30 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇത് വികസ്വര-അവികസിത രാജ്യങ്ങളിലെ കാർഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ സുഡാനിൽ ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയായതായി അവിടുത്തെ ധനമന്ത്രി അറിയിച്ചതായും, നേപ്പാളിലെ കർഷകർക്ക് രാസവളം വാങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും മൊറേറ ഡ സിൽവ പറഞ്ഞു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പുറമെ മൊസാംബിക്, കെനിയ, സുഡാൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്നും, അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പ്രത്യാഘാതം വിനാശകരമായിരിക്കുമെന്നും യു.എൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide