സൗദിയുമായി ചരിത്രപരമായ ആണവ കരാറിൽ ഒപ്പുവെച്ച് അമേരിക്ക; യുറേനിയം സമ്പുഷ്ടീകരണത്തിന് വഴിയൊരുങ്ങുമെന്ന് റിപ്പോർട്ടുകൾ

വാഷിങ്ടൺ: സൗദി അറേബ്യയുമായി അമേരിക്ക ചരിത്രപ്രധാനമായ സിവിലിയൻ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദിക്ക് സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ പദ്ധതി വികസിപ്പിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്ന് അമേരിക്കൻ ഊർജവകുപ്പ് അറിയിച്ചു. കരാർ ഇനി അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. കരാറിന്റെ പൂർണവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഭാവിയിൽ സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി ലഭിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയം ആണവായുധ നിർമാണത്തിനും ഉപയോഗിക്കാനാകുമെന്നതിനാൽ കരാർ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. ആണവ സഹകരണ കരാറിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന പ്രത്യേക ഉഭയകക്ഷി കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ആണവസുരക്ഷയും ആണവായുധ വ്യാപനം തടയാനുള്ള മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സഹകരണമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കരാർ പ്രഖ്യാപിച്ചത്.

സൗദിയിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനിക താവളങ്ങൾ അടുത്തിടെ ഇറാന്റെ ആക്രമണ ലക്ഷ്യമായിരുന്നു. ഇതിനിടെ ഹൂത്തി വിമതരും സൗദിക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കരാർ പശ്ചിമേഷ്യയിൽ ആണവായുധ മത്സരത്തിന് വഴിവെക്കുമെന്ന ആശങ്ക ആണവ വിദഗ്ധരും ചില അമേരിക്കൻ നിയമനിർമാതാക്കളും ഉയർത്തിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്നത് അമേരിക്കയുടെ മുൻ നയങ്ങളിൽ നിന്നുള്ള വലിയ മാറ്റമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

US signs landmark nuclear deal with Saudi Arabia

More Stories from this section

family-dental
witywide