
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടമുണ്ടായതായി യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട്. ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ അമേരിക്കൻ സൈന്യത്തിന് ഏകദേശം 330 കോടി (3.3 ബില്യൺ) ഡോളർ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. യുദ്ധത്തിനിടെ അമേരിക്കയുടെ 81 വിമാനങ്ങൾക്കും ഡ്രോണുകൾക്കും നാശനഷ്ടമുണ്ടാകുകയോ പൂർണ്ണമായി തകരുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓരോന്നിനും 30 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന 12 F-15E വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ മൂന്നെണ്ണം കുവൈത്തിന് മുകളിൽ അബദ്ധത്തിലുണ്ടായ വെടിവെപ്പിലും ഒരെണ്ണം ഇറാനിലും തകർന്നു വീണു. കൂടാതെ, ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 8 വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി. 30 മുതൽ 50 മില്ല്യൺ ഡോളർ വരെ വിലയുള്ള 45 MQ-9 റീപ്പർ ഡ്രോണുകളും 92 മില്ല്യൺ ഡോളറിലധികം മൂല്യമുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ F-35A-യും 270 മില്ല്യൺ ഡോളറിന്റെ E-3 സെൻട്രി വിമാനവും അമേരിക്കയ്ക്ക് നഷ്ടമായി.
രണ്ട് A-10 തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ, KC-135 സ്ട്രാറ്റോടാങ്കർ, രണ്ട് MC-130J കമാൻഡോ II, HH-60W ഹെലികോപ്റ്റർ, MQ-4C ട്രൈറ്റൺ ഡ്രോൺ, മൂന്ന് MQ-1 ഡ്രോണുകൾ എന്നിവയാണ് തകർന്ന മറ്റ് വിമാനങ്ങൾ. ഇതിനുപുറമേ ഒരു AH-64 അപ്പാച്ചെ, നാല് AH-6 ലിറ്റിൽ ബേർഡ്, ഒരു MH-60 സീ ഹോക്ക് എന്നീ ഹെലികോപ്റ്ററുകളും ആക്രമണങ്ങളിൽ ത തകർന്നതായി കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചെലവിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഒരൊറ്റ മാസത്തിനുള്ളിൽ ആയുധച്ചെലവ് 21.7 ബില്യൺ ഡോളറിൽ നിന്ന് 28.1 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ് സെൻട്രൽ കമാൻഡ് വിലയിരുത്തുന്നു. സൈനിക നടപടികൾ തുടരുന്നതിനാലും ചില വിവരങ്ങൾ രഹസ്യമാക്കിവെച്ചിരിക്കുന്നതിനാലും തുകയിൽ വ്യത്യാസം വന്നേക്കാം. സംഭവത്തിൽ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
US Suffers Heavy Losses in Iran War: 81 Aircraft and Drones Destroyed, Damage Reaches $3.3 Billion









