വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ ക്ലൗഡ് വണ്ണിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. ഇതോടെ വ്യോമസേനയുടെ തന്ത്രപ്രധാന വിവരങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ലോജിസ്റ്റിക്സ് ഡാറ്റ എന്നിവ അപകടത്തിലായേക്കുമെന്ന ആശങ്ക ശക്തമായി. സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ശ്രദ്ധയിൽപ്പെട്ട ഈ നുഴഞ്ഞുകയറ്റത്തെത്തുടർന്ന് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായി തടസ്സങ്ങൾ നേരിടുന്നുണ്ട്.
ഹാക്കർമാർ ആരാണെന്നോ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നോ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നതിലോ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അറിയിച്ച വ്യോമസേന, വിവരങ്ങളും സംവിധാനങ്ങളും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ നിരന്തരം എടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി അമേരിക്കൻ സൈന്യത്തിന്റെ സൈബർ വിഭാഗമായ സൈബർ കമാൻഡ് അന്വേഷണം ആരംഭിക്കുകയും ബാക്ക്-ഓഫീസ് ആപ്ലിക്കേഷനുകൾ ക്ലൗഡ് വണ്ണിലേക്ക് മാറ്റുന്ന നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
2017-ൽ ആരംഭിച്ച ക്ലൗഡ് വൺ വ്യോമസേനയുടെ ഐടി ആവശ്യങ്ങൾക്കായുള്ള ഏകജാലക പ്ലാറ്റ്‌ഫോമാണ്. മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ആൽഫബെറ്റ് എന്നീ നാല് വൻകിട കമ്പനികളുടെ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 2025 വരെ സയിക് പ്രധാന കരാറുകാരായിരുന്ന ഈ പ്ലാറ്റ്‌ഫോം നിലവിൽ നിയന്ത്രിക്കുന്നത് ലൈഡോസ് ആണ്.
US Air Force’s Cloud One platform breached by hackers; Cyber Command launches probe amid fears over sensitive data compromise













