
ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ചുമത്താനുള്ള നീക്കം. യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
എന്നാൽ, അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി.
അതേസമയം, നേരത്തെ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നും, മുൻപ് ഏർപ്പെടുത്തിയ ചില തീരുവകൾക്ക് പുറമെ പുതിയ നികുതി കൂടി ചുമത്തില്ലെന്നും അമേരിക്ക വിശദീകരിച്ചു. നിലവിലെ ധാരണപ്രകാരം ചൈനയ്ക്ക് 20 ശതമാനവും, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ എന്നിവയ്ക്ക് 15 ശതമാനവും, മലേഷ്യയ്ക്ക് 19 ശതമാനവുമാണ് തീരുവയുടെ പരമാവധി പരിധി.
US Proposes Up to 25% Additional Tariff on India; Plans New Duties on 14 Nations Including China













