
വാഷിങ്ടൺ: യുഎസ് പാസ്‌പോർട്ടിന്റെ പുതിയ രൂപകൽപനയായ ‘ഫ്ലൈറ്റ് ഓഫ് ദ ഈഗിൾ’ അവതരിപ്പിച്ച് യുഎസ് സർക്കാർ. പാസ്‌പോർട്ട് അപേക്ഷാ നടപടിക്രമം വലിയ രീതിയിൽ മാറ്റുന്നതിനുള്ള പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ America.gov പരിപാടിയിൽ സംസാരിക്കവെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പുതിയ സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചത്. യുഎസ് പൗരന്മാർക്ക് വീട്ടിലിരുന്ന് പൂർണമായും ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 2028ൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പാസ്‌പോർട്ടിന്റെ രൂപകൽപനയും റൂബിയോ അവതരിപ്പിച്ചു.
ട്രംപ് ഭരണകൂടം അടുത്തിടെ അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സർക്കാർ സേവന സംവിധാനമായ America.govയുടെ ഭാഗമായാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി America.govയെ ഭരണകൂടം അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യമായി പാസ്‌പോർട്ടെടുക്കുന്നവർക്ക് ഓൺലൈൻ അപേക്ഷ
പുതിയ സംവിധാനത്തിലെ പ്രധാന മാറ്റം ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കുള്ള പേപ്പർ അധിഷ്ഠിത നടപടിക്രമം ഒഴിവാക്കുന്നതാണ്. അടുത്ത വർഷം മുതൽ അമേരിക്കൻ പൗരന്മാർക്ക് America.gov വഴി ആദ്യ പാസ്‌പോർട്ടിനായി പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകുമെന്ന് റൂബിയോ പറഞ്ഞു. login.gov വഴി വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുക, സർക്കാർ ഏജൻസികളുടെ കൈവശമുള്ള വിവരങ്ങൾ ഉപയോഗിക്കുക, സ്വന്തം മൊബൈൽ ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് എടുത്ത പാസ്‌പോർട്ട് ഫോട്ടോ സമർപ്പിക്കുക, ഓൺലൈനായി ഫീസ് അടയ്ക്കുക തുടങ്ങിയവ നടപടിയുടെ ഭാഗമാകും.
അപേക്ഷയുടെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കാനും സാധിക്കും. പുതിയ പാസ്‌പോർട്ട് കൃത്യമായി ഏത് തീയതിയിൽ എത്തുമെന്ന് വരെ തത്സമയം അറിയാൻ കഴിയുന്ന സംവിധാനവും പ്ലാറ്റ്‌ഫോമിലുണ്ടാകുമെന്ന് റൂബിയോ വ്യക്തമാക്കി. 2027 അവസാനത്തോടെ ഭൂരിഭാഗം അമേരിക്കക്കാർക്കും പാസ്‌പോർട്ടിനോ പാസ്‌പോർട്ട് കാർഡിനോ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കൻ ശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകം’
അമേരിക്കൻ ചരിത്രവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ പാസ്‌പോർട്ട് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് റൂബിയോ പറഞ്ഞു. പാസ്‌പോർട്ടിന്റെ പ്രധാന പ്രതീകമായി അമേരിക്കൻ കഴുകനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ കവറിൽ കൂടുതൽ വലുപ്പത്തിലുള്ള, കൂടുതൽ സ്വർണനിറം നൽകിയ ഗ്രേറ്റ് സീൽ ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ‘United States of America’ എന്ന പേര് കൂടുതൽ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുമുണ്ട്.
പാസ്‌പോർട്ടിന്റെ അകത്തെ പേജുകളിൽ അമേരിക്കൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ഇടംപിടിക്കും. അമേരിക്കൻ വിപ്ലവം, പടിഞ്ഞാറോട്ടുള്ള രാജ്യവ്യാപനം, ഇവോ ജിമയിലെ പ്രസിദ്ധമായ പതാക ഉയർത്തൽ തുടങ്ങിയ ചരിത്രസംഭവങ്ങൾക്കൊപ്പം ബഹിരാകാശ പര്യവേക്ഷണത്തിലെ അമേരിക്കയുടെ പുതിയ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്ന നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2028ൽ പുതിയ രൂപകൽപന പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർ അറിയേണ്ടത്
പുതിയ പാസ്‌പോർട്ടിന്റെ രൂപകൽപനയേക്കാൾ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുക ഓൺലൈൻ അപേക്ഷാ സംവിധാനത്തിലൂടെയായിരിക്കുമെന്നാണ് വിലയിരുത്തൽ. ഓഫീസുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം, പേപ്പർ രേഖകൾ, അപേക്ഷാ നടപടിക്രമങ്ങൾക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്ന സ്വകാര്യ പാസ്‌പോർട്ട് സേവനങ്ങളുടെ സഹായം തുടങ്ങിയവ കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും. നിലവിലെ സംവിധാനത്തിലെ സങ്കീർണതകൾ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് അനാവശ്യമായി സാമ്പത്തിക നേട്ടമുണ്ടാക്കാൻ അവസരമൊരുക്കുന്നുവെന്നും റൂബിയോ ആരോപിച്ചു.
അപേക്ഷയുടെ നില അറിയുന്നതിനൊപ്പം പ്രതീക്ഷിക്കുന്ന ഡെലിവറി തീയതിയും തത്സമയ അറിയിപ്പുകളും ലഭ്യമാകും. ഭക്ഷണം ഓർഡർ ചെയ്താൽ അതിന്റെ ഡെലിവറി എവിടെയെത്തിയെന്ന് വരെ അറിയാൻ കഴിയുന്ന സാഹചര്യത്തിൽ, പാസ്‌പോർട്ട് അപേക്ഷയുടെ പുരോഗതി അറിയാൻ അത്രയും സൗകര്യമില്ലാത്തത് പരിഹരിക്കുകയാണ് ലക്ഷ്യമെന്നും റൂബിയോ പറഞ്ഞു. നിലവിൽ കൈവശമുള്ള യുഎസ് പാസ്‌പോർട്ടുകൾ അവയുടെ കാലാവധി അവസാനിക്കുന്നതുവരെ സാധുവായിരിക്കും.
പാസ്‌പോർട്ടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അത് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പുണ്ടെങ്കിൽ പഴയ രൂപകൽപനയിലുള്ള പാസ്‌പോർട്ടുകളും അന്താരാഷ്ട്ര യാത്രയ്ക്ക് ഉപയോഗിക്കാം.പുതിയ രൂപകൽപന നിലവിലെ അന്താരാഷ്ട്ര യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തില്ല. പാസ്‌പോർട്ടിന്റെ രൂപവും ഉപയോഗസൗകര്യവും ആധുനികമാക്കുന്നതിനൊപ്പം നിലവിലുള്ള കർശനമായ സുരക്ഷാ സംവിധാനങ്ങൾ നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
US unveils new ‘Flight of the Eagle’ passport: Know about online process, premium packaging and what has changed













