ഗ്രീൻ കാർഡ് അപേക്ഷകർക്കും H-1B വിസക്കാർക്കും തിരിച്ചടി; ഒക്ടോബർ 23 മുതൽ യുഎസ്‌സിഐഎസ് സമയപരിധി കർശനമാക്കും

അമേരിക്കൻ ഗ്രീൻ കാർഡിനും വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി സമയപരിധി പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണം. വാരാന്ത്യങ്ങളിലോ ഫെഡറൽ അവധി ദിവസങ്ങളിലോ അവസാനിക്കുന്ന ചില സമയപരിധികൾക്കായി അനുവദിച്ചിരുന്ന ഇളവുകൾ ഒഴിവാക്കി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നു. ഒക്ടോബർ 23 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

പ്രായപരിധി അടിസ്ഥാനമാക്കി യോഗ്യത നിശ്ചയിക്കുന്ന അപേക്ഷകരെയും അനുവദിച്ച തൊഴിൽകാലാവധി അവസാനിക്കാറായ H-1B വിസക്കാരെയും പുതിയ നയം ബാധിച്ചേക്കും. പേപ്പർ അപേക്ഷകൾക്ക് ചില സാഹചര്യങ്ങളിൽ സമയപരിധി അടുത്ത പ്രവൃത്തിദിവസത്തേക്ക് നീട്ടിനൽകുമെങ്കിലും ഓൺലൈൻ അപേക്ഷകൾക്ക് ഈ ഇളവ് ലഭിക്കില്ല.സെപ്റ്റംബർ 23ന് പുറത്തിറക്കിയ ‘ഫയലിങ് സമയപരിധികൾക്കായുള്ള ദിവസത്തിന്റെ നിർവചനം’ എന്ന നയ അറിയിപ്പിലൂടെയാണ് യുഎസ്‌സിഐഎസ് മാറ്റം വ്യക്തമാക്കിയത്. 2023ൽ നടപ്പാക്കിയിരുന്ന ഇളവുകൾ അനുവദിക്കുന്ന വ്യവസ്ഥകൾക്ക് പകരമായാണ് പുതിയ മാർഗനിർദേശങ്ങൾ.

ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്ന നിമിഷം തന്നെ ലഭിച്ചതായി കണക്കാക്കുന്നതിനാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അവ സമർപ്പിക്കണം. അവസാന തീയതി ഞായറാഴ്ചയും തൊട്ടടുത്ത തിങ്കളാഴ്ച ഫെഡറൽ അവധിയുമായിരിക്കുകയാണെങ്കിൽ, ചൊവ്വാഴ്ച ലഭിക്കുന്ന പേപ്പർ അപേക്ഷ ചില സാഹചര്യങ്ങളിൽ സമയബന്ധിതമായി സമർപ്പിച്ചതായി കണക്കാക്കാം. എന്നാൽ ഓൺലൈൻ അപേക്ഷകൾക്ക് ഈ ഇളവ് ബാധകമാകില്ല. അതിനാൽ പേപ്പർ അപേക്ഷകൾക്കുള്ള സമയവിപുലീകരണം ഡിജിറ്റൽ അപേക്ഷകൾക്കും ലഭിക്കുമെന്ന് കരുതരുത്.

പ്രായപരിധി ഉൾപ്പെടെയുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സമയപരിധികളിലും ഇനി ഇളവുണ്ടാകില്ല. ഇത് ചില ഗ്രീൻ കാർഡ് അപേക്ഷകളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെയും സ്പെഷൽ ഇമിഗ്രന്റ് ജുവനൈൽ (SIJ) പദവിക്ക് അപേക്ഷിക്കുന്നവരെയും ബാധിച്ചേക്കും. ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കുമ്പോൾ 21 വയസ്സിൽ താഴെയായിരിക്കണമെന്നതാണ് ഈ വിഭാഗത്തിലെ പ്രധാന വ്യവസ്ഥ.അപേക്ഷകന് ശനിയാഴ്ചയോ ഞായറാഴ്ചയോ ഫെഡറൽ അവധി ദിവസത്തിലോ 21 വയസ്സ് തികയുകയാണെങ്കിലും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അടുത്ത പ്രവൃത്തിദിവസത്തേക്ക് നീളില്ല. പ്രായപരിധി അവസാനിക്കുന്നതിന് മുമ്പ് അപേക്ഷകൾ സമർപ്പിച്ചെന്ന് ഉറപ്പാക്കണം.

ചെറിയ കാലതാമസം പോലും അപേക്ഷയുടെ യോഗ്യത നഷ്ടപ്പെടുത്താൻ ഇടയുള്ളതിനാൽ, ഇമിഗ്രേഷൻ നടപടികൾ പുരോഗമിക്കുന്ന കുടുംബങ്ങൾ അപേക്ഷകന്റെ ജന്മദിനത്തിന് ഏറെ മുമ്പുതന്നെ പ്രായപരിധിയും അപേക്ഷാ സമയക്രമവും പരിശോധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാരാന്ത്യമോ അവധിയോ കാരണം അധികസമയം ലഭിക്കുമെന്ന് കരുതി അപേക്ഷ സമർപ്പിക്കുന്നത് വൈകിക്കരുത്.

US visa alert: New USCIS rules tighten deadlines for Green Card applicants and H-1B workers

More Stories from this section

family-dental
witywide