
കാരക്കാസ്: വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിനെയും സമീപ നഗരങ്ങളെയും പിടിച്ചുകുലുക്കി സെക്കൻഡുകളുടെ വ്യത്യാസത്തിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരണസംഖ്യ 188 ലേക്ക് ഉർന്നു. ആയിരത്തി അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. നൂറുകണക്കിന് വൻകിട കെട്ടിടങ്ങൾ തകർന്നടിഞ്ഞ ദുരന്തഭൂമിയിൽ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തീവ്രശ്രമം തുടരുകയാണ്. നിരവധി പേരെ കാണാതായിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. വെനിസ്വേലയിൽ ദേശീയ അവധിദിനമായിരുന്നതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ആളുകൾ വീടുകളിൽ ഉണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. ഇത് വലിയ തോതിലുള്ള ജനനാശത്തിന് കാരണമായി.
സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് പ്രകമ്പനങ്ങൾ
ആദ്യം 7.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതിന്റെ ഞെട്ടൽ മാറും മുൻപ് സെക്കൻഡുകൾക്കകം 7.5 മാഗ്നിറ്റ്യൂഡ് തീവ്രതയുള്ള രണ്ടാമത്തെ പ്രകമ്പനവുമുണ്ടായി. ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്താണ് (ആദ്യത്തേത് 20.3 കി.മീ, രണ്ടാമത്തേത് 10 കി.മീ താഴ്ചയിൽ) പ്രഭവകേന്ദ്രം എന്നതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ക്രമാതീതമായി വർദ്ധിച്ചതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വെനിസ്വേലയിൽ 1900-ന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
തീരദേശ നഗരമായ ലാ ഗ്വൈര, തലസ്ഥാനമായ കാരക്കാസ് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ലാ ഗ്വൈരയിൽ പത്തിലധികം നിലകളുള്ള ഹോട്ടലുകൾ ഉൾപ്പെടെ ഇരുനൂറ്റമ്പതോളം വൻകിട കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ മൈക്വെറ്റിയ കനത്ത നാശനഷ്ടങ്ങളെ തുടർന്ന് അടച്ചുപൂട്ടി. കനത്ത വൈദ്യുതി തടസ്സവും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുന്നുണ്ട്. പ്രധാന ഭൂകമ്പത്തിന് ശേഷം മുപ്പതിലധികം തുടർച്ചലനങ്ങളാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതോടെ ഭയചകിതരായ ലക്ഷക്കണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങളിൽ നിന്ന് മാറി തെരുവുകളിലാണ് അഭയം തേടിയിരിക്കുന്നത്.
രണ്ട് ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുണ്ടായ പെട്ടെന്നുള്ള ഘർഷണമാണ് ദുരന്തത്തിന് കാരണമായത്. അയൽരാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലും ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്ക വെനിസ്വേലയ്ക്ക് 150 മില്യൺ ഡോളറിൻ്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് അടിയന്തര രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘങ്ങളെയും ദുരന്തഭൂമിയിലേക്ക് നിയോഗിച്ചിട്ടുണ്ട്.
Venezuela in tears; 188 dead, thousands trapped in rubble, over 1500 injured in twin earthquakes















