“ഞങ്ങളെ ഐബി നിരീക്ഷിക്കുന്നു; ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തേക്കാം”: ഗുരുതര ആരോപണങ്ങളുമായി സിജെപി നേതാവ് അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: പാർട്ടി ആസൂത്രണം ചെയ്ത തിരംഗ മാർച്ചിന് മുന്നോടിയായി തനിക്കെതിരെ കേന്ദ്ര ഏജൻസികളുടെ കടുത്ത നിരീക്ഷണമുണ്ടെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്ത്. നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തന്നെയുടനീളം പിന്തുടരുന്നുണ്ടെന്നും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ തന്റെ വീടും പരിസരവും നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധ മാർച്ചിന് മുൻപായി ഡൽഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നും ദിപ്‌കെ അവകാശപ്പെട്ടു.

സ്വന്തം രാജ്യത്ത് ദേശീയ പതാക വീശിയതിന്റെ പേരിൽ ജയിലിൽ പോകാൻ താൻ പൂർണ്ണ സന്നദ്ധനാണെന്ന് ദിപ്‌കെ വ്യക്തമാക്കി. “നാളെ ഞങ്ങൾ സമാധാനപരമായി ചെന്ന് പതാക വീശും. രാജ്യത്തെ പൗരന്മാർ പതാക ഉയർത്തുന്നത് കുറ്റകൃത്യമായി കാണുന്ന അധികാരികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ. ഇതിന്റെ പേരിൽ ജയിലിലടച്ചാലും നേരിടാൻ തയ്യാറാണ്,” അദ്ദേഹം അധികാരികളെ വെല്ലുവിളിച്ചു

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (SIR) വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് സിജെപി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കിയത്. വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടി ദേശീയ പതാക വീശി പ്രതിഷേധിക്കാൻ അണികളോടും പൊതുജനങ്ങളോടും പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധം ഭയന്ന് സെൻട്രൽ പാർക്ക് അടച്ചുപൂട്ടി

അതിനിടെ, മാർച്ചിലെ പ്രധാന വേദിയായ സെൻട്രൽ പാർക്ക് ഒക്ടോബർ 16, 17 തീയതികളിൽ അടച്ചിടുമെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചു. സർക്കാരിന്റെ ഈ നടപടിയെ ദിപ്‌കെ ശക്തമായി വിമർശിച്ചു. “ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ വീശാൻ തീരുമാനിച്ചാൽ സർക്കാർ ഈ 100 സ്ഥലങ്ങളും അടച്ചുപൂട്ടുമോ? നാളെ നരേന്ദ്ര മോദിയുടെ റാലിയിൽ ചെന്ന് ജനങ്ങൾ ദേശീയ പതാക വീശിയാൽ അവർ ആ റാലി റദ്ദാക്കുമോ? പതാക വീശാൻ അനുവദിക്കില്ലെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ,” അദ്ദേഹം പരിഹസിച്ചു.

ദേശീയ പതാക വീശിയതിന്റെ പേരിൽ സിജെപി സഹപ്രവർത്തകരായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തതായി ദിപ്‌കെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് തിരംഗയോട് എന്താണ് ഇത്ര വെറുപ്പെന്നും അദ്ദേഹം ചോദിച്ചു.

“തങ്ങളുടെ ലക്ഷ്യം ഭരണമാറ്റമല്ല, മറിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റി നിഷ്പക്ഷനായ ഒരാളെ നിയമിക്കുക എന്നത് മാത്രമാണ്. മറ്റ് ഇലക്ഷൻ കമ്മീഷണർമാരുടെ വാക്കുകൾ കേൾക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. നിലവിൽ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ്. എന്നാൽ തന്റെ പ്രതിച്ഛായ തകരുമെന്ന ഭയം കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്,” അഭിജീത് ദിപ്‌കെ കൂട്ടിച്ചേർത്തു.

“We are being monitored by the IB; Delhi Police might take us into custody”: CJP leader Abhijit Dipke makes serious allegations.

More Stories from this section

family-dental
witywide