വാഷിങ്ടൺ: 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ ഹിലരി ക്ലിന്റന്റെ പ്രചാരണത്തെ സഹായിക്കാൻ നിലവിലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. അന്ന് ഹിലരിയെ ഇഷ്ടമില്ലായിരുന്നെങ്കിലും ട്രംപിനോടുള്ള കടുത്ത എതിർപ്പാണ് വാൻസിനെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്യുന്നത്.
ഹിലരി ക്ലിന്റന്റെ പ്രചാരണവുമായി ബന്ധപ്പെട്ടിരുന്ന ഒരു ഇടനിലക്കാരനെ വാൻസ് പലതവണ ബന്ധപ്പെട്ട് അന്നത്തെ ഹിലരി ക്യാംപയിനിലെ മുതിർന്ന നയ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി സംസാരിക്കാൻ അവസരം തേടിയെന്നാണ് റിപ്പോർട്ട്.“എനിക്ക് ഹിലരിയെ വെറുപ്പാണ്. പക്ഷേ ട്രംപിനെ അതിലേറെ വെറുക്കുന്നു. ട്രംപിന് ജയിക്കാനാകില്ല. ഹിലരി തോൽക്കുമെന്ന് എനിക്കറിയാം, പക്ഷേ അവൾ തോൽക്കേണ്ടതില്ല,” വാൻസ് പറഞ്ഞതായി ഇടനിലക്കാരനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളിൽ ഹിലരി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൊഴിലാളിവർഗ വോട്ടർമാരുടെ ആശങ്കകൾ നേരിട്ട് അഭിസംബോധന ചെയ്യണമെന്നും വാൻസ് നിർദേശിച്ചതായാണ് റിപ്പോർട്ട്. ഒഹായോ, മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹിലരി കൂടുതൽ പ്രചാരണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഷ്ട്രീയമായി അവഗണിക്കപ്പെട്ടതായി തോന്നുന്ന തൊഴിലാളിവർഗ സമൂഹങ്ങളിലേക്ക് ഹിലരി നേരിട്ട് എത്തണമെന്നും ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളിലും അമേരിക്കൻ സൈനികരുടെ മരണങ്ങളിലും മാപ്പുപറയണമെന്നും വാൻസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ട്രംപ് അനുകൂലികളെ വിശേഷിപ്പിക്കാൻ ഹിലരി ഉപയോഗിച്ച ‘deplorables’ എന്ന പരാമർശം സൃഷ്ടിച്ച തിരിച്ചടിയും പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും പറയുന്നു.
വാൻസ് പിന്നീട് ജേക്ക് സള്ളിവനുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്ന് സള്ളിവനുമായി അടുത്ത ബന്ധമുള്ള മറ്റൊരാളും സ്ഥിരീകരിച്ചതായി വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്തു.2016ലെ തിരഞ്ഞെടുപ്പ് കാലത്ത് വാൻസ് ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു. ട്രംപിന് പകരം സ്വതന്ത്ര സ്ഥാനാർഥി ഇവാൻ മക്മുള്ളിന് അദ്ദേഹം വോട്ട് ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് നിലപാട് മാറ്റിയ വാൻസ് ട്രംപിന്റെ പ്രധാന രാഷ്ട്രീയ സഖ്യകക്ഷികളിലൊരാളായി മാറി.
അതേസമയം, ഹിലരി വിജയിക്കാനായി വാൻസ് പ്രവർത്തിച്ചുവെന്ന റിപ്പോർട്ടിലെ വാദം അദ്ദേഹത്തിന്റെ വക്താവ് ടെയ്‌ലർ വാൻ കിർക്ക് നിഷേധിച്ചു. 2016ൽ പലരും വാൻസിനോട് രാഷ്ട്രീയ ഉപദേശം തേടിയിരുന്നെങ്കിലും അദ്ദേഹം ഒരു പ്രചാരണ സംഘത്തിനും വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. തൊഴിലാളിവർഗ മേഖലകളുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്ന് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും വക്താവ് പറഞ്ഞു.
When JD Vance tried to help Hillary Clinton’s 2016 campaign defeat Trump: ‘I hate Hillary. But I hate Trump more’













