ടെൽ അവീവ്: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഗം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരണത്തിന് മധ്യപക്ഷ പാർട്ടിയായ ‘യാഷർ’ നേതാവ് ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചു. ഇസ്രയേൽ സമയം ഞായറാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ വസതിയിൽ വെച്ച് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചുമതല അദ്ദേഹം കൈമാറി. ഇസ്രയേൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ ഐസൻകോട്ടിന് ഭൂരിപക്ഷം തെളിയിക്കാൻ ഇനി 28 ദിവസത്തെ സമയമുണ്ട്. ഈ സമയപരിധിക്കുള്ളിൽ സാധിച്ചില്ലെങ്കിൽ പ്രസിഡന്റിന് ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാം. ഇതിലും പരാജയപ്പെട്ടാൽ മാത്രമേ നെതന്യാഹുവിന് അവസരം ലഭിക്കൂ.
ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ഐസൻകോട്ടിനെ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. 120 അംഗ നെസെറ്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. യാഷർ (21), ടുഗെദർ (12), ദി ഡെമോക്രാറ്റ്സ് (8), ഇസ്രയേൽ ബെയ്റ്റെയ്നു (7) എന്നീ നാല് നെതന്യാഹുവിരുദ്ധ പാർട്ടികൾ ഉൾപ്പെടുന്ന മുന്നണിക്ക് 48 സീറ്റുകളാണുള്ളത്. അതേസമയം 19 സീറ്റുകളുള്ള ‘റആം’, ‘ജോയിന്റ് ലിസ്റ്റ്’ എന്നീ അറബ് പാർട്ടികൾ ഐസൻകോട്ടിന് പിന്തുണ വാഗ്ദാനം ചെയ്തതോടെ കടലാസിൽ 67 സീറ്റുകളുടെ പിന്തുണയുണ്ടെങ്കിലും മുന്നണിക്കുള്ളിലെ വിയോജിപ്പുകൾ ഐസൻകോട്ടിന് വലിയ വെല്ലുവിളിയാണ്.
അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനോട് ഐസൻകോട്ട് സഖ്യത്തിലെ ചില തീവ്ര വലതുപക്ഷ ഘടകകക്ഷികൾക്ക് ശക്തമായ എതിർപ്പുണ്ട്. അറബ് പാർട്ടികളെ ഒഴിവാക്കിയാൽ ഭൂരിപക്ഷം തികയ്ക്കാൻ നെതന്യാഹു പക്ഷത്തുള്ളവരെ ഒപ്പം കൂട്ടേണ്ടിവരും. എന്നാൽ നെതന്യാഹുവുമായി ചേർന്ന് ഒരു സഖ്യത്തിലും പ്രവർത്തിക്കില്ലെന്നും, 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണസമയത്ത് ഉന്നത അധികാരസ്ഥാനങ്ങളിലുണ്ടായിരുന്നവർ പൊതുജീവിതത്തിൽ തുടരാൻ പാടില്ലെന്നും ഐസൻകോട്ട് മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അറബ് പാർട്ടികളെ മുന്നണിയിൽ സഹകരിപ്പിക്കുന്നതിനെതിരെ നെതന്യാഹു ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
ഐക്യ സർക്കാരിന് ആഹ്വാനവുമായി നെതന്യാഹു; യുണൈറ്റഡ് തോറ പിന്തുണ പിൻവലിച്ചു
നിലവിൽ 46 സീറ്റുകൾ മാത്രമുള്ള നെതന്യാഹുവിന് ഭരണത്തിൽ തുടരാൻ ഐസൻകോട്ടിന്റെ പക്ഷത്തെ ഉൾപ്പെടുത്തി ‘ദേശീയ ഐക്യ സർക്കാർ’ രൂപീകരിക്കുക മാത്രമാണ് പോംവഴി. ഐസൻകോട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പും ഐക്യ സർക്കാരിനായി നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. എന്നാൽ തീവ്ര യാഥാസ്ഥിതിക ജൂത പാർട്ടികൾ ഉൾപ്പെടുന്ന ഇത്തരമൊരു സഖ്യത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതിനിടെ, നെതന്യാഹു പക്ഷത്തുണ്ടായിരുന്ന 7 സീറ്റുകളുള്ള അൾട്രാ-ഓർത്തഡോക്സ് ‘യുണൈറ്റഡ് തോറ ജൂഡായിസം’ പാർട്ടി അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചത് നെതന്യാഹുവിന് വൻ തിരിച്ചടിയായി.
അറബ് പാർട്ടികളില്ലാത്ത സർക്കാർ രൂപീകരണത്തിന് ശ്രമിച്ചാൽ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ യുണൈറ്റഡ് തോറ സന്നദ്ധമായേക്കും. ബെയ്തേനു പാർട്ടി നേതാവ് അവ്വിഗ്ഡോർ ലിബർമാൻ ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും, നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇതിന് തടസ്സമാണ്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ‘ദേശീയ അടിയന്തര സർക്കാരുണ്ടാക്കാനുള്ള സമയമാണിപ്പോൾ’ എന്ന് എക്സിലൂടെ പ്രതികരിച്ച ഐസൻകോട്ട്, വരുന്ന 28 ദിവസത്തിനുള്ളിൽ ഇസ്രയേൽ രാഷ്ട്രീയത്തിലെ ഈ വലിയ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Eisenkot Given 28 Days to End Netanyahu Era in Israel; Faces Uphill Battle in Coalition Formation















