ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ (CJP) വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ സിജെപി ഇടപെടാറുണ്ടോയെന്ന് അവർ ചോദിച്ചു. ജന്തർ മന്തറിലെ പ്രതിഷേധ വേദിയെന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അവിടേക്ക് പ്രവേശിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് ആദ്യമായല്ല പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) നടത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ രേഖ ഗുപ്ത പറഞ്ഞു. മുൻകാലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷൻ പലതവണ ഇത്തരം പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ട്. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഏത് പാർട്ടി അധികാരത്തിലിരുന്നാലും ഇതായിരുന്നു രീതിയെന്നും അവർ ചൂണ്ടിക്കാട്ടി. മുമ്പ് ആരും ഇതിനെതിരെ ശബ്ദമുയർത്തിയില്ല. ഇപ്പോൾ മാത്രം എന്തിനാണ് എതിർപ്പ്? എന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിഷേധങ്ങളും സമരങ്ങളും കാരണം ഡൽഹിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അവർ ആരോപിച്ചു. ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിലെത്താൻ കഴിയാത്തതിന്റെ പേരിൽ അതിനെ എതിർക്കുകയാണെന്നും തമിഴ്നാട്ടിലോ കേരളത്തിലോ സിജെപി അധികാരത്തിലെത്തിയാലും ഇത്തരം വോട്ടർപട്ടിക പരിഷ്കരണം നടക്കില്ലേയെന്നും രേഖ ഗുപ്ത ചോദിച്ചു.
സിജെപി, ആം ആദ്മി പാർട്ടിയുടെ (AAP) ‘ബി ടീം’ ആണെന്ന ബിജെപിയുടെ ആരോപണവും മുഖ്യമന്ത്രി ആവർത്തിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ സിജെപി എവിടെയാണ്? അവിടേക്ക് പോയി എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല? ലഹരിയുമായി ബന്ധപ്പെട്ട് ഇന്നലെ കൊലപാതകം നടന്ന സാഹചര്യത്തിൽ പഞ്ചാബിൽ പോയി എന്തുകൊണ്ട് സമരം നടത്തുന്നില്ല? ആം ആദ്മി പാർട്ടി നൽകുന്ന രാഷ്ട്രീയ അജൻഡയിൽ മാത്രം പ്രവർത്തിക്കുന്ന ബി ടീമായി സിജെപി മാറിയതെന്തുകൊണ്ടാണ്? എന്നും അവർ ചോദിച്ചു.
കോൺഗ്രസിനെതിരെയും രേഖ ഗുപ്ത വിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ അസൂയയുള്ള വിദേശത്തുള്ളവരുമായി കോൺഗ്രസ് കൈകോർക്കുകയാണെന്ന് അവർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘Where does CJP go when issues arise in other states?’ CM Rekha Gupta’s rare remark on anti-CEC protests in Delhi













