അമേരിക്ക ഇറാൻ സംഘർഷത്തിൽ തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചുവരികയാണെന്ന് സൂചന നൽകി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിലാണെന്നും അധികം വൈകാതെ വലിയ സംഭവങ്ങൾ ഉണ്ടായേക്കാമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് മുന്നിൽ നിരവധി വഴികളുണ്ടെന്ന് ഫോക്സ് ന്യൂസുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കിയ ട്രംപ്, ഇറാനെ പൂർണമായി ഇല്ലാതാക്കുക, ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരാൻ അനുവദിക്കുക, അല്ലെങ്കിൽ ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തുക എന്നീ മൂന്ന് സാധ്യതകളെക്കുറിച്ചാണ് പരാമർശിച്ചത്. മധ്യസ്ഥരായി പ്രവർത്തിക്കുന്ന ഖത്തർ വഴി തങ്ങളുടെ നിബന്ധനകൾ അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതും നാവിക ഉപരോധം പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പുതിയ ചർച്ചകൾക്ക് തയാറാകൂ എന്ന നിലപാടിലാണ് ഇറാൻ. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകൾ അമേരിക്കയെ അറിയിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഈ നിബന്ധനകൾ കൈമാറിയതായി ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഗർ ഘാലിബാഫ് ഞായറാഴ്ച സ്ഥിരീകരിച്ചു.
ഇറാന്റെ ആവശ്യങ്ങൾ അമേരിക്കയ്ക്ക് കൈമാറിയത് ഖത്തറാണെന്ന് ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ തലവൻ മൊഹ്സെൻ റെസായി നേരത്തെ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ തിരികെ നൽകുക, നാവിക ഉപരോധം പിൻവലിക്കുക എന്നിവ ടെഹ്റാന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അൽ ജസീറയോട് സംസാരിക്കവെ റെസായി കൂട്ടിച്ചേർത്തു.
Will the conflict escalate? Trump says there are three options regarding Iran; reports suggest the possibility of major moves.














