
ടെഹ്‌റാൻ: തങ്ങളുടെ എല്ലാ നിബന്ധനകളും പൂർണ്ണമായി പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന സംഭവവികാസങ്ങളിൽ, ഏതൊരു ആക്രമണത്തിന് മുന്നിലും ഇറാൻ നിസ്സഹായരല്ലെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാനിയൻ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഖാലിബാഫിന്റെ പ്രസ്താവന പുറത്തുവിട്ടത്.
ആവശ്യമെങ്കിൽ പോരാടാനും ഒപ്പം തന്നെ ചർച്ചകൾ നടത്താനും ഇറാൻ തയ്യാറാണെന്ന് കഴിഞ്ഞ ഏപ്രിലിൽ ഇസ്ലാമാബാദിലേക്ക് പോയ ഇറാനിയൻ ചർച്ചാ സംഘത്തെ നയിച്ച ഖാലിബാഫ് ചൂണ്ടിക്കാട്ടി. ഇറാൻ്റെ സന്ദേശങ്ങളും നിബന്ധനകളും മധ്യസ്ഥർ മുഖേന മറുപക്ഷത്തെ വ്യക്തമായി അറിയിച്ചിട്ടുണ്ട്. വഞ്ചനയിലൂടെയോ ഏകപക്ഷീയമായ അടിച്ചേൽപ്പിക്കലുകളിലൂടെയോ ഇറാനെ വരുതിയിലാക്കാമെന്ന വഴി അടഞ്ഞുകിടക്കുകയാണെന്ന് ശത്രുവിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിക്കുകയും, അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും, പഴയതുപോലെയുള്ള ചർച്ചകൾക്ക് ഇനി സാധ്യമല്ലെന്നും ഖാലിബാഫ് കർശന മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ പഴയ അമേരിക്കൻ മേധാവിത്വം പൂർണ്ണമായും തകർന്നതായും, മേഖലയിലെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് പുതിയൊരു ആഗോള ക്രമം നടപ്പിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Iran maintains a firm stance that it will not open the Strait of Hormuz unless the US keeps its word.















