‘സമാധാനത്തിന് പ്രഥമ പരിഗണന’; ട്രംപുമായി കൈകോർക്കാൻ യുക്രെയ്ൻ, ന്യൂയോർക്കിൽ കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കുന്നു, ഇരുവരും ഫോണിൽ സംസാരിച്ചെന്ന് സെലൻസ്കി

കൈവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ നിർണായക ചർച്ചകൾ നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം അതീവ പ്രാധാന്യമുള്ളതായിരുന്നുവെന്നും, ഉടൻ തന്നെ ന്യൂയോർക്കിൽ വെച്ച് നേരിട്ട് കൂടിക്കാഴ്ച നടത്താൻ ഇരുവരും സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

“നയതന്ത്രരംഗത്ത് വലിയൊരു മുന്നേറ്റത്തിനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ട്രംപുമായുള്ള കൂടിക്കാഴ്ച നിലവിലെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം,” സെലൻസ്കി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എന്നാൽ ന്യൂയോർക്കിലെ കൂടിക്കാഴ്ചയുടെ കൃത്യമായ തീയതിയോ സമയമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഈ മാസം ആദ്യം ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്നറും യുക്രയ്ൻ തലസ്ഥാനമായ കൈവ് സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന് ട്രംപിനോട് സെലൻസ്കി നന്ദി രേഖപ്പെടുത്തി. യുക്രയ്നിലെ യഥാർത്ഥ സാഹചര്യങ്ങൾ അവർ നേരിട്ട് കണ്ടുമനസ്സിലാക്കിയിട്ടുണ്ടെന്നും സമാധാന ശ്രമങ്ങൾക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും, ഊർജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുമുള്ള വ്യക്തമായ പദ്ധതികൾ തങ്ങളുടെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ യുക്രയ്ൻ പ്രസിഡന്റ്, അമേരിക്കൻ പ്രതിനിധി സംഘവുമായി ചേർന്ന് ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.

റഷ്യക്കെതിരെയും റഷ്യയെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങൾക്കെതിരെയും ശക്തമായ ഉപരോധങ്ങൾ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഗ്രഹാം’ ബില്ലിൽ ഒപ്പുവെച്ചതിന് ട്രംപിന് സെലൻസ്കി പ്രത്യേകമായി നന്ദി പറഞ്ഞു. ഈ മാസമാണ് യു.എസ് കോൺഗ്രസ് ഈ നിർണായക ബിൽ പാസാക്കിയത്. “സമാധാനം പുനഃസ്ഥാപിക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണുള്ളത്,” എന്ന് പറഞ്ഞ സെലൻസ്കി, യുക്രയ്നൊപ്പം നിലകൊള്ളുന്ന ഏവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Zelenskyy confirms phone conversation with Trump

More Stories from this section

family-dental
witywide