Tag: Kadha Documentary
ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അവരുടെ കുടിയേറ്റത്തിൻ്റേയും അതിജീവനത്തിന്റേയും നേർസാക്ഷ്യമായ ഡോക്യുമെൻ്ററി കഥ പുറത്തിറങ്ങുന്നു. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിൻറെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ട ഏതാനും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രൂപീകരിച്ച അമേരിക്കൻ മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ പ്രദർശിപ്പിച്ചു. ഷെയ്നു തോമസ് നിർമ്മാണം നിർവ്വഹിക്കുകയും എഡിറ്ററും, ഛായാഗ്രാഹകയും സംവിധായികയുമായ റയലിൻ മുന്നേക്കെ സംവിധാനം ചെയ്യുന്നതുമായ “കഥ” എന്ന ഡോക്കുമെന്ററിയിലൂടെ ആദ്യകാല അമേരിക്കൻ കുടിയേറ്റ മലയാളികളുടെ അന്നത്തെ ജീവിത സാഹചര്യങ്ങളും മുന്നേറ്റങ്ങളും വിശദീകരിക്കുകയാണ് ചെയ്യുന്നത്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർഥവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും. അന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുണ്ടായിരുന്ന അവർ ഇന്ന് എൺപതുകളോട് അടുത്ത പ്രായമുള്ളവരാണ്. അന്ന് വന്നവരിൽ നല്ലൊരു വിഭാഗം പേരും ഇന്ന് ലോകത്തിൽ ഇല്ല . ഇന്ന് ജീവിച്ചിരിക്കുന്നവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരെ തലമുറകൾ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിലുണ്ട്. അന്നത്തെ ജീവിത സാഹചര്യത്തിൻറെയും ഇന്നത്തെ സമൂഹത്തിന്റെയും കാലാന്തര വ്യതിയാനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആ ഒന്നാം തലമുറയിൽ പെട്ടവർ. ....







