വമ്പൻ പ്രഖ്യാപനവുമായി ട്രംപ്, റഷ്യ-യുക്രെയ്ൻ സമാധാന കരാർ ഉടൻ; വ്ലാഡിമിർ പുടിനുമായും സെലൻസ്കിയുമായും സംസാരിച്ചെന്ന് പ്രസിഡന്‍റ്

അങ്കാറ: വർഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു സമാധാന കരാറിനുള്ള സാധ്യതകളിൽ വലിയ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഈ വർഷത്തെ നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്ന അങ്കാറയിൽ വെച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദോഗാനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി “വളരെ നല്ലൊരു ചർച്ച” നടത്തിയെന്നും, ഒപ്പം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും സംസാരിച്ചതായും ട്രംപ് സ്ഥിരീകരിച്ചു.

ഇരു രാജ്യങ്ങളും ഇപ്പോൾ യുദ്ധം അവസാനിപ്പിച്ച് ഒരു ധാരണയിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കാൻ ഇത്രയും സമയമെടുത്തത് നിർഭാഗ്യകരമാണെങ്കിലും, വൈകാതെ തന്നെ അനുകൂലമായ എന്തെങ്കിലും സംഭവിക്കുമെന്നും ഉടൻ തന്നെ യുദ്ധത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലപാടുകളിൽ എന്തെങ്കിലും മാറ്റം വന്നിട്ടാണോ ഈ ശുഭപ്രതീക്ഷ എന്ന ചോദ്യത്തിന്, തന്റെ നിലപാടുകളിൽ മാറ്റമൊന്നുമില്ലെന്നും മനുഷ്യർ കൊല്ലപ്പെടുന്നത് കാണാൻ തനിക്ക് ആഗ്രഹമില്ലെന്നും ട്രംപ് മറുപടി നൽകി.

“ഈ യുദ്ധം അമേരിക്കയെ നേരിട്ട് ബാധിക്കുന്ന ഒന്നല്ല, കാരണം നമുക്കിടയിൽ ഒരു വലിയ സമുദ്രമുണ്ട്. ഇത് യൂറോപ്പിനെയാണ് കൂടുതൽ ബാധിക്കുന്നത്. നമ്മൾ അവിടെ യൂറോപ്പിനെ സഹായിക്കാൻ വേണ്ടി മാത്രമാണ് നിൽക്കുന്നത്. എങ്കിലും അവിടെ സംഭവിക്കുന്നത് നോക്കിനിൽക്കാൻ എനിക്ക് സാധിക്കില്ല,” ട്രംപ് പറഞ്ഞു. യുദ്ധക്കളത്തിലെ ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും എത്രത്തോളം ക്രൂരമായ കൂട്ടക്കൊലയാണ് അവിടെ നടക്കുന്നതെന്ന് ജനങ്ങൾക്ക് വിശ്വസിക്കാൻ പോലുമാകില്ലെന്നും പറഞ്ഞ ട്രംപ്, ഈ ചോരപ്പുഴ ഉടൻ തന്നെ അവസാനിക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ ഈ പുതിയ നയതന്ത്ര ഇടപെടലുകൾ യുദ്ധത്തിന് ഒരു വിരാമമിടുമോ എന്നാണ് ഇപ്പോൾ ആഗോള സമൂഹം ഉറ്റുനോക്കുന്നത്.

More Stories from this section

family-dental
witywide