
ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അവരുടെ കുടിയേറ്റത്തിൻ്റേയും അതിജീവനത്തിന്റേയും നേർസാക്ഷ്യമായ ഡോക്യുമെൻ്ററി കഥ പുറത്തിറങ്ങുന്നു.

ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിൻറെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ട ഏതാനും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രൂപീകരിച്ച അമേരിക്കൻ മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ പ്രദർശിപ്പിച്ചു. ഷെയ്നു തോമസ് നിർമ്മാണം നിർവ്വഹിക്കുകയും എഡിറ്ററും, ഛായാഗ്രാഹകയും സംവിധായികയുമായ റയലിൻ മുന്നേക്കെ സംവിധാനം ചെയ്യുന്നതുമായ “കഥ” എന്ന ഡോക്കുമെന്ററിയിലൂടെ ആദ്യകാല അമേരിക്കൻ കുടിയേറ്റ മലയാളികളുടെ അന്നത്തെ ജീവിത സാഹചര്യങ്ങളും മുന്നേറ്റങ്ങളും വിശദീകരിക്കുകയാണ് ചെയ്യുന്നത്.

അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർഥവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും.
അന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുണ്ടായിരുന്ന അവർ ഇന്ന് എൺപതുകളോട് അടുത്ത പ്രായമുള്ളവരാണ്. അന്ന് വന്നവരിൽ നല്ലൊരു വിഭാഗം പേരും ഇന്ന് ലോകത്തിൽ ഇല്ല . ഇന്ന് ജീവിച്ചിരിക്കുന്നവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരെ തലമുറകൾ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിലുണ്ട്. അന്നത്തെ ജീവിത സാഹചര്യത്തിൻറെയും ഇന്നത്തെ സമൂഹത്തിന്റെയും കാലാന്തര വ്യതിയാനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആ ഒന്നാം തലമുറയിൽ പെട്ടവർ.

നിർമ്മാതാവ് ഷെയ്നുവും സംവിധായക റയലിനും ഇത്തരമൊരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് അവർക്ക് ലഭിച്ച പ്രചോദനവും ഉൾപ്രേരണയും ട്രെയ്‌ലർ പ്രദർശന ചടങ്ങിൽ വിശദീകരിച്ചു. 1960കളുടെ ആദ്യ പാദത്തിൽ ഉപരിപഠനാർഥം അമേരിക്കയിൽ എത്തുകയും പിന്നീട് ക്വീൻസിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രഫസ്സറായി ദീർഘ കാലം സേവനംചെയ്ത് വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന പ്രഫ. ജോസഫ് ചെറുവേലിൽ, 1950-കളുടെ അവസാന പാദത്തിൽ ഉപരി പഠനാർദ്ധം അമേരിക്കയിൽ വന്ന് പ്രൊഫസറായി തീർന്ന പ്രൊഫ. തെരേസാ ആൻറണി എന്നിവരുടെ ലൈവ് ഇന്റർവ്യൂവും ചടങ്ങിൽ ശ്രദ്ധേയമായി.
ഫൗണ്ടേഷൻ പ്രസിഡൻറ് ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അർച്ചനാ ഫിലിപ്പ് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് ജോയി, സെക്രട്ടറി അജിത് കൊച്ചൂസ്, ട്രഷറർ ബിജു ചാക്കോ, യൂത്ത് എൻഗേജ്മെൻറ് ലയസൺമാരായ മീരാ മാത്യു, ജെനുവിൻ തോമസ്, ബോർഡ് മെമ്പർ മുൻ സെനറ്റർ കെവിൻ തോമസ്, അലൻ അജിത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മലയാളീ സമൂഹത്തിലുള്ളവരുടെ കലാ സാംസ്കാരിക പൈതൃകവും കഴിവുകളും അമേരിക്കൻ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പരിപാടികളാണ് ഫൗണ്ടേഷനിലൂടെ ഭാവിയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് ബോർഡ് അംഗവും ഫൗണ്ടേഷൻ സ്ഥാപകനുമായ സെനറ്റർ കെവിൻ തോമസ് പറഞ്ഞു.













