
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ 297 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടി അപകടം നടന്ന് നാല് മാസം പിന്നിടുമ്പോഴും തിരിച്ചറിയാതെ സൂക്ഷിച്ചിരിക്കുന്ന 28 മൃതദേഹങ്ങൾ, ചൊവ്വാഴ്ച കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനമായി. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികാരികൾ ഞായറാഴ്ച മുതൽ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ശരിയായ അവകാശികളെ കണ്ടെത്താനാകാത്ത 28 പേരുടെ മൃതദേഹങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പൗരസമിതി തീരുമാനിച്ചതായി ബിഎംസി മേയർ സുലോചന ദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“മൂന്ന് ട്രെയിൻ അപകടങ്ങളിലായി മരിച്ചവരുടെ അവകാശികളില്ലാത്ത മൃതദേഹങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഞങ്ങൾ എസ്ഒപി പുറപ്പെടുവിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കോർപ്പറേഷന് കൈമാറും, ചൊവ്വാഴ്ച സംസ്കാരം നടത്താൻ പദ്ധതിയിടുന്നു.”
ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) മൃതദേഹങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കണമെന്ന് അഭ്യർത്ഥിച്ച് ഖുർദ ജില്ലാ കളക്ടർക്ക് കത്തെഴുതിയതിനെ തുടർന്നാണ് ബിഎംസി നടപടികൾ ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ജൂണിൽ അപകടമുണ്ടായതു മുതൽ മൃതദേഹങ്ങൾ ഭുവനേശ്വറിലെ എയിംസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
എയിംസിൽ നിന്ന് നഗരത്തിലെ സത്യനഗർ, ഭരത്പൂർ എന്നിവിടങ്ങളിലെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ സുഗമമായി കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും ബിഎംസി തീരുമാനിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.










