
ടെൽ അവീവ്: ഗാസയിൽ നിന്ന് പലസ്തീനികളെ നിർബന്ധിതമായി ഒഴിപ്പിക്കാൻ ഇസ്രായേലിന് പദ്ധതിയില്ലെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി വ്യക്തമാക്കി. ഗാസ നിവാസികളെ കൂട്ടത്തോടെ പുറത്താക്കണമെന്ന നിർദ്ദേശം രണ്ട് ഇസ്രായേലി മന്ത്രിമാർ മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അമേരിക്കൻ അംബാസഡർ രംഗത്തെത്തിയത്. വെസ്റ്റ് ബാങ്കിലെ പലസ്തീനിയൻ പട്ടണമായ തുർമൂസ് അയ്യാ സന്ദർശിക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അവരുടെ തീരുമാനത്തിന് എതിരായി ഗാസയിൽ നിന്ന് മാറ്റാൻ ഇസ്രായേലിന് യാതൊരു പദ്ധതിയുമില്ലെന്ന് തനിക്ക് അടിയുറപ്പിച്ചു പറയാൻ സാധിക്കുമെന്ന് ഹക്കബി പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം അവിടെനിന്ന് മാറിത്താമസിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അതിനുള്ള അവകാശമുണ്ടായിരിക്കണം. എന്നാൽ ആളുകളെ തങ്ങൾക്ക് നിൽക്കാൻ താല്പര്യമില്ലാത്ത സ്ഥലത്ത് നിർബന്ധിച്ച് നിർത്തുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീനികളെ നിർബന്ധിതമായി നാടുകടത്തണമെന്ന് ഇസ്രായേലോ അമേരിക്കയോ ആരും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു നിലപാടിനെ ആരും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, പലസ്തീനികളുടെ ഈ ‘സ്ഥലംമാറ്റം’ ഇല്ലാതെ ഗാസ പ്രശ്നത്തിന് ശാശ്വത പരിഹാരമില്ലെന്ന് പ്രസ്താവിച്ചിരുന്നു. കൂടാതെ തീവ്രവലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ, ‘സ്വമേധയാ ഉള്ള കുടിയേറ്റം’ എന്ന പേരിൽ ഗാസയിലെ ജനങ്ങളെ പൂർണ്ണമായി ഒഴിവാക്കാനുള്ള ഏഴ് വർഷത്തെ പദ്ധതിയും അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎസ് അംബാസഡർ രംഗത്തെത്തിയത്.












