‘സ്വയം പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണെങ്കിലും അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ല’: ആന്റണി ബ്ലിങ്കന്‍

ടെല്‍ അവീവ്: അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. സ്വയം പ്രതിരോധിക്കാന്‍ നിങ്ങള്‍ കരുത്തുള്ളവരാണെങ്കിലും അമേരിക്ക ഉള്ളപ്പോള്‍ നിങ്ങള്‍ക്കതിന്റെ ആവശ്യമുണ്ടാകില്ലെന്നാണ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞത്. അസ്രയേല്‍-ഹമാസ് പോരാട്ടം ആറാം ദിവസം പിന്നിടുമ്പോഴാണ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇസ്രയേല്‍ സന്ദര്‍ശനം.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ യുഎസിന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരില്‍ ചിലര്‍ യുഎസ് പൗരന്മാരാണെന്ന് സംശയമുണ്ട്. ഹമാസ് ആക്രമണത്തില്‍ 25 യുഎസ് പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായും ബ്ലിങ്കന്‍ അറിയിച്ചു. അതേസമയം ഹമാസ് ഉള്‍പ്പെടാത്ത പലസ്തീനുകാര്‍ക്ക് നിയമപരമായ ചില അവകാശങ്ങള്‍ ഉണ്ടെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇന്നു രാവിലെയാണ് ബ്ലിങ്കന്‍ എത്തിയത്.

ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷം അബ്ദുല്ല രാജാവുമായും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്താന്‍ ബ്ലിങ്കന്‍ ജോര്‍ദനിലേക്ക് പോകും. മറ്റു ചില അറബ് രാജ്യങ്ങളും ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. യുദ്ധം അതിരൂക്ഷമാകുന്ന ഈ സമയത്ത് അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആന്റണി ബ്ലിങ്കനെ നന്ദി അറിയിച്ചു. ഈ സന്ദര്‍ശനം അമേരിക്കയുടെ വ്യക്തമായ പിന്തുണയുടെ ഉദാഹരണമാണെന്നും നെതന്യാഹു പറഞ്ഞു.

More Stories from this section

family-dental
witywide