
ടെൽ അവീവ്/വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടയിൽ, നിലവിലെ സംഘർഷങ്ങളിൽ ഇസ്രായേൽ പങ്കാളികളാകുന്നത് ട്രംപ് ഭരണകൂടം വിലക്കിയതായി സൂചന. ഇസ്രായേൽ കൂടി യുദ്ധത്തിന്റെ ഭാഗമായാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന ആശങ്കയിലാണ് അമേരിക്ക ഈ നിലപാട് സ്വീകരിച്ചതെന്ന് രണ്ട് ഇസ്രായേലി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളിൽ പങ്കുചേരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഏറെ താല്പര്യമുണ്ടെങ്കിലും, ഈ ഘട്ടത്തിൽ ഇസ്രായേലിന്റെ ഇടപെടൽ യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ വിഷയത്തിൽ പ്രതികരണത്തിനായി വൈറ്റ് ഹൗസിനെ ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ നിലപാടുകൾക്ക് കാത്തുനിൽക്കാതെ ഇറാനെതിരെ ആവശ്യമെങ്കിൽ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ ഇസ്രായേൽ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രഖ്യാപിച്ചു. ഇസ്രായേൽ വ്യോമസേനയുടെ പുതിയ പൈലറ്റുമാരുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി രാജ്യത്തിന്റെ യുദ്ധസന്നദ്ധത വ്യക്തമാക്കിയത്. ഭീഷണികൾ ഇല്ലാതാക്കാൻ ഇറാനെതിരെ സ്വതന്ത്രമായ വ്യോമാക്രമണം നടത്താനും ആകാശത്ത് മേധാവിത്വം വീണ്ടെടുക്കാനും സൈന്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാമതൊരു തവണ കൂടി ഇറാനെ ആക്രമിക്കേണ്ടി വന്നാൽ മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയായിരിക്കും നൽകുകയെന്നും ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. എങ്കിലും, മേഖലയിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് പോകാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇസ്രായേലിന്റെ പ്രാഥമിക വിലയിരുത്തൽ. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതുപോലുള്ള നടപടികളിലേക്ക് മാത്രമായിരിക്കും ട്രംപ് ഭരണകൂടം തൽക്കാലം മുതിരുകയെന്നും ഇസ്രായേലി വൃത്തങ്ങൾ സൂചിപ്പിച്ചു.















