സസ്പെൻഷനുമില്ല,നടപടിയുമില്ല, ബിധുരിക്ക് രാജസ്ഥാനില്‍ ചുമതല; ബിജെപി നല്‍കുന്ന സന്ദേശമെന്ത്?

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി എം പി ഡാനിഷ് അലിക്കെതിരെ വര്‍ഗീയവും അശ്ളീലവുമായ ആക്രോശം നടത്തി പാര്‍ലമെൻ്റില്‍ പ്രസംഗിച്ച ബിജെപി എംപി രമേശ് ബിധുരിക്ക് രാജസ്ഥാനില്‍ നിര്‍ണായക ചുമതല നല്‍കി ബിജെപി. രാജസ്ഥാനിലെ ടോങ്ക് നിയോജകമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് ബിധുരിയയെ പാര്‍ട്ടി നിയമിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിയെയാണ് തീരുമാനം. പൈലറ്റിന്റെ ശക്തികേന്ദ്രമാണ് ടോങ്ക്.ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങളില്‍ ബിധുരിക്കെതിരെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബിധുരിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്ന് നാല് പ്രതിപക്ഷ പാര്‍ട്ടികളെങ്കിലും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി നേതാവ് അഭിപ്രായപ്രകടനം നടത്തുമ്പോള്‍ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം പിയും ബിധുരിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു ന്യൂനപക്ഷ സമുദായാംഗത്തിനെതിരെയും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ആക്രമണം’ തെരുവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വിദ്വേഷം കൊണ്ടുവരാനുള്ള ശ്രമമാണെന്നും ഡാനിഷ് അലി പറഞ്ഞിരുന്നു.ബിധുരിക്ക് എതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിക്ക് ബിജെപി മുതര്‍ന്നിട്ടില്ല. പല ബിജെപി എംപിമാരും ബിധുരിയെ അനുകൂലിച്ചും രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ പാര്‍ലമെൻ്റ് ഇതുവരെ കേട്ടിട്ടില്ലാത്ത വിധം അറപ്പുളവാക്കുന്നതും വര്‍ഗീയ വിഷം ചീറ്റുന്നതുമായ വാക്കുകള്‍ കൊണ്ടാണ് മുസ്ലിമായ ഡാനിഷ് അലിയെ ബിധുരി നേരിട്ടത്.

തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഡാനിഷ് അലിയുടെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ് നാഥ് സിങ് സംഭവം നടന്ന ഉടന്‍ തന്നെ മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ ബിജെപിയിലെ മറ്റാരും തന്നെ ഇതിനെ വിമര്‍ശിക്കുകയോ ബിധുരിയെ ശാസിക്കുകയോ ചെയ്തിട്ടില്ല, എന്നു മാത്രമല്ല, അയാള്‍ ചെയ്തതിന് അഭിനന്ദനം എന്നപോലെ പുതിയ ചുമതലകൂടി നല്‍കിയിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide