
ബെയ്ജിങ്: ഹൈടെക് മൈക്രോചിപ്പുകളുടെ പുറത്തേക്കുള്ള ഒഴുക്കിൽ അമേരിക്ക പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഗ്രാഫൈറ്റുകളുടെ കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ചൈന. ചൈനയുടെ വാണിജ്യ-പൊതുഭരണ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിർണായകമായ അത്യാധുനിക സെമി കണ്ടക്ടറുകളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കുമെന്ന് അമേരിക്ക ദിവസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ മേഖലകളിലേക്ക് പ്രവേശിക്കുന്ന ചൈനയുടെ ശ്രമങ്ങൾക്ക് തടയിടാനായിരുന്നു അമേരിക്കയുടെ നീക്കം.
ലോകത്തിലെ ഗ്രാഫൈറ്റിന്റെ ഉൽപ്പാദനത്തിലും സംസ്കരണത്തിലും ആധിപത്യം പുലർത്തുന്ന രാജ്യമാണ് ചൈന. സിന്തറ്റിക് ഗ്രാഫൈറ്റ് മെറ്റീരിയലുകൾക്ക് ഡിസംബർ മുതൽ കയറ്റുമതി പെർമിറ്റുകൾ ആവശ്യമായി വരുമെന്ന് ചൈന പറയുന്നു.













