കിം ജോങ് ഉൻ റഷ്യയിൽ; യാത്ര ആഡംബര ട്രെയിനിൽ, വിഭവങ്ങളിൽ ഫ്രഞ്ച് വൈനും ബാർബിക്യുവും

മോസ്കോ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം എത്തിയത്. നാലു വർഷത്തിനുശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. റഷ്യൻ അതിർത്തിയിലെ ഖസാനിൽ സ്വാഗത പരിപാടികൾ നടന്നതായി ജപ്പാൻ ടി.വി നെറ്റ്‍വർക്കായി ജെ.എൻ.എൻ റിപ്പോർട്ട് ചെയ്തു. പുടിനുമായി ചർച്ച നടക്കുന്ന വ്ലാദിവോസ്തോകിലേക്ക് ഇവിടുന്ന് 150 കിലോമീറ്റർ ദൂരമുണ്ട്.

മറ്റു നേതാക്കളെ പോലെ വിമാനത്തിലല്ല ട്രെയിനിലാണ് കിം യാത്ര ചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ ട്രെയിനിന് സമ്പന്നമായ ചരിത്രമുണ്ട്. പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനാണിത്. ഇതില്‍ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. മണിക്കൂറിൽ 60 കി.മീ മാത്രമാണ് പരമാവധി വേഗം. യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടാകും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്.

അൻപതുകളുടെ തുടക്കത്തിൽ കിമ്മിന്റെ മുത്തച്ഛൻ കിം സാങ്ങിന് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ഒരു ട്രെയിൻ സമ്മാനിച്ചിരുന്നു. അതിനുശേഷം, 1950-ലെ കൊറിയൻ യുദ്ധസമയത്ത്, സുങ് ഈ ട്രെയിൻ തന്റെ ആസ്ഥാനമായി ഉപയോഗിക്കുകയും ദക്ഷിണ കൊറിയയ്ക്കെതിരായ യുദ്ധത്തിനുള്ള തന്ത്രം ഇവിടെ നിന്ന് തയ്യാറാക്കുകയും ചെയ്തു. ഉള്ളിൽ ഭാരമേറിയ മരപ്പണികളുള്ള ഈ ട്രെയിൻ അധികം താമസിയാതെ കിം കുടുംബത്തിന്റെ രാജകീയ തീവണ്ടിയായി മാറി.

ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ കൊറിയൻ സെൻട്രൽ ടെലിവിഷൻ പറയുന്നതനുസരിച്ച്, 2011 ൽ ഈ ട്രെയിനിനുള്ളിൽ യാത്ര ചെയ്യുന്നതിനിടെ കിംഗ് ജോങ് ഇല്‍ മരിച്ചു. ചില രാഷ്ട്രീയ ജോലികൾക്കായി പ്യോങ്‌യാങ്ങിൽ നിന്ന് യാത്ര ചെയ്യവേ, ട്രെയിനിൽ വെച്ച് തന്നെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഇതിന് 22 ബോഗികളുണ്ട്. എല്ലാ ബോഗികളിലും വിശാലമായ കുളിമുറിയും ഡൈനിംഗ് സൗകര്യവും ഉണ്ട്. സാധാരണയായി യാത്ര ചെയ്യുന്നവർ ഒന്നുകിൽ കിമ്മിന്റെ കുടുംബാംഗങ്ങളോ, അല്ലെങ്കിൽ കിം തന്നെയോ ആയിരിക്കും. പോളിറ്റ് ബ്യൂറോ ഉദ്യോഗസ്ഥരും സൈനിക സംഘവും നീങ്ങുന്നു. ഇവർക്കെല്ലാം ഭക്ഷണപാനീയങ്ങൾക്കായി പ്രത്യേകം സംവിധാനമുണ്ട്. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്ന ഷെഫുകൾ ട്രെയിനിലുണ്ട്. ഇരുണ്ട തടിയിൽ പാനൽ ചെയ്ത കോൺഫറൻസ് റൂമുകൾ, ഒന്നിലധികം കിടപ്പുമുറികൾ, സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്‌ക്രീൻ ടിവികൾ, ബോംബുകൾക്കും മറ്റ് ഭീഷണികൾക്കും വേണ്ടി റൂട്ടുകളും വരാനിരിക്കുന്ന സ്റ്റേഷനുകളും സ്കാൻ ചെയ്യുന്ന ഏകദേശം 100 സുരക്ഷാ ഏജന്റുമാർ എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ദീര്‍ഘയാത്രയ്ക്കിടയില്‍ നേതാവിന് മടുപ്പ് തോന്നിത്തുടങ്ങിയാല്‍ അദ്ദേഹത്തെ രസിപ്പിക്കാന്‍ ഒരു കൂട്ടം നര്‍ത്തകിമാരുണ്ട് ഈ ട്രെയിനില്‍. കിമ്മിന്റെ രസിപ്പിക്കുന്ന ഈ യുവതികളെ ലേഡി കണ്ടക്ടർമാർ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇതുകൂടാതെ എല്ലാ കോച്ചുകളിലും ടെലിവിഷൻ ഉണ്ട്. എന്നാൽ ഉത്തരകൊറിയൻ സംഭവവികാസങ്ങളെക്കുറിച്ച് മാത്രം വിവരങ്ങൾ നൽകുന്ന ഏതാനും ചാനലുകൾ മാത്രമാണ് ഇതിൽ ലഭിക്കുന്നതെന്ന് മാത്രം.

മൂന്ന് തലമുറകളായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് ഏകദേശം 250 മീറ്റർ നീളമുണ്ട്, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്. അതിന്റെ എല്ലാ കമ്പാർട്ടുമെന്റുകളും കവചിതമാണ്, അത് വെടിയുണ്ടകൾ ബാധിക്കില്ല. 2004-ൽ ഉത്തരകൊറിയൻ നഗരമായ യോങ്‌ചോണിലെ റെയിൽവേ ലൈനിൽ കുഴിബോംബ് പൊട്ടി 150-ലധികം ജീവനുകൾ പൊലിഞ്ഞു. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഈ ട്രെയിൻ ആ പാതയിലൂടെ കടന്നുപോയിരുന്നു. ഇതേത്തുടർന്ന് ട്രെയിനിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി.

വിദേശകാര്യ മന്ത്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ആയുധ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ യാത്രയിൽ ഒപ്പമുണ്ട്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തരകൊറിയയിലെയും റഷ്യയിലെയും സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയെങ്കിലും എന്ന്, എപ്പോൾ എന്നൊന്നും സംബന്ധിച്ച് വിവരമില്ല.

More Stories from this section

dental-431-x-127
witywide