ഇന്തോ-പസഫിക്കിൽ റഷ്യയുടെ സൈനിക നീക്കം; ആണവശേഷിയുള്ള ബോംബർ വിമാനങ്ങൾ വിയറ്റ്നാമിൽ

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള സ്ട്രാറ്റജിക് ബോംബർ വിമാനങ്ങളെ വിയറ്റ്നാമിൽ വീണ്ടും വിന്യസിച്ച് റഷ്യ. ഇന്തോ-പസഫിക് മേഖലയിൽ സൈനിക സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ പസഫിക് മേഖലയിലെ സൈനിക താവളങ്ങൾക്കും ചൈനയ്ക്കും തന്ത്രപരമായ സന്ദേശം നൽകുന്നതാണ് റഷ്യയുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാറ്റോ ‘ബെയർ’ എന്ന് വിശേഷിപ്പിക്കുന്ന രണ്ട് ടി.യു-95 സ്ട്രാറ്റജിക് ബോംബർ വിമാനങ്ങളും അവയ്ക്ക് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള രണ്ട് ഐ.എൽ-78 ടാങ്കർ വിമാനങ്ങളുമാണ് മധ്യ വിയറ്റ്നാമിലെ ദാ നാങ് വിമാനത്താവളത്തിൽ എത്തിച്ചിരിക്കുന്നത്. റഷ്യയുടെ ഫാർ ഈസ്റ്റ് മേഖലയിൽനിന്ന് പറന്നുയർന്ന വിമാനങ്ങൾ ചൊവ്വാഴ്ച വിയറ്റ്നാമിലെത്തുകയും ബുധനാഴ്ച വിമാനത്താവളത്തിൽ നിലയുറപ്പിക്കുകയും ചെയ്തു. ആണവശേഷിയുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാൻ കഴിയുന്ന ടി.യു-95 വിമാനങ്ങൾക്ക് ടാങ്കർ വിമാനങ്ങളുടെ സഹായത്തോടെ പസഫിക്കിലെ പ്രധാന അമേരിക്കൻ സൈനിക താവളമായ ഗുവാം വരെ എത്താൻ ശേഷിയുണ്ട്.

2014ലാണ് ഇതിന് മുമ്പ് റഷ്യൻ സ്ട്രാറ്റജിക് ബോംബറുകൾ വിയറ്റ്നാമിൽ എത്തിയിരുന്നത്. അന്ന് കാം റാൺ ബേ നാവിക താവളവും ദാ നാങ് വിമാനത്താവളവും ഉപയോഗിക്കാൻ റഷ്യയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം ആശങ്ക അറിയിച്ചതിനെ തുടർന്ന് ഈ നീക്കത്തിന് തിരിച്ചടിയുണ്ടായി. ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമുള്ള പുതിയ വിന്യാസം കിഴക്കൻ ഏഷ്യയിലെ റഷ്യയുടെ സൈനിക സാന്നിധ്യത്തിലെ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

യുക്രൈൻ യുദ്ധം തുടരുന്നതിനിടയിലും ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനം നിലനിർത്താനാണ് മോസ്‌കോയുടെ ശ്രമം. ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളും ചൈനയുടെ വർധിച്ചുവരുന്ന സൈനിക സ്വാധീനവും കണക്കിലെടുത്ത് റഷ്യയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാൻ വിയറ്റ്നാമും താൽപര്യപ്പെടുന്നു. റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാകുമ്പോഴും സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി മോസ്‌കോയുമായുള്ള സൈനിക സഹകരണം തുടരുകയാണ് വിയറ്റ്നാം.

More Stories from this section

family-dental
witywide