ട്രംപിന്റെ നികുതി വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ വ്യക്തിക്കെതിരെ കേസ്

ട്രംപിന്റെ നികുതി റിട്ടേണ്‍ ഡാറ്റ ചോര്‍ത്തിയ സംഭവത്തില്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസിന്റെ മുന്‍ കോണ്‍ട്രാക്ടറായിരുന്ന ചാള്‍സ് ലിറ്റില്‍ ജോണിനെതിരെ കേസ്. ഇയാള്‍ ആദായനികുതി വകുപ്പില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിക്കുകയും ഒരു വാര്‍ത്താ സ്ഥാപനത്തിന് കൈമാറുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. യുഎസിലെ ആയിരക്കണക്കിനു സമ്പന്നരായ വ്യക്തികളുടെ നികുതി റിട്ടേണ്‍ വിവരങ്ങള്‍ മോഷ്ടിച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. മോഷ്ടിച്ച രേഖകള്‍ ഇയാള്‍ രണ്ട് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതായും കോടതി രേഖകള്‍ പറയുന്നു.

കോടതി രേഖകളില്‍ ഡേറ്റ ചോര്‍ത്തപ്പെട്ടയാളുടെ പേരിനു നേരെ മുന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നു മാത്രമാണ് പരമാര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ അത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് സ്ഥിരീകരണമുണ്ട്. ട്രംപിന്റെ നികുതി റിട്ടേണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച വാര്‍ത്താ സ്ഥാപനം ന്യൂയോര്‍ക്ക് ടൈംസാണെന്നും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രംപില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 2017 നും 2021 നും ഇടയില്‍, ലിറ്റില്‍ജോണ്‍ ഒരു കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്തിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

2018 നും 2020 നും ഇടയിലാണ് ലിറ്റില്‍ജോണ്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനധികൃതമായി ട്രംപിന്റെയടക്കമുള്ള ടാക്‌സ് ഡാറ്റ മോഷ്ടിച്ചത്. അവയില്‍ ചിലത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാറ്റയാണ്. നികുതി റിട്ടേണുകളും റിട്ടേണ്‍ വിവരങ്ങളും അനധികൃതമായി വെളിപ്പെടുത്തിയതാണ് ലിറ്റില്‍ജോണിനെതിരായ കുറ്റം. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

More Stories from this section

family-dental
witywide