
വാഷിംഗ്ടൺ: യു.എസിൽ താല്ക്കാലിക സംരക്ഷണ പദവി (Temporary Protected Status – TPS) നഷ്ടമാകുന്ന വിദേശ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് ഡെപ്യൂട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡി.എച്ച്.എസ്) കർശന നിർദ്ദേശം. ഹെയ്തി, സിറിയ തുടങ്ങിയ രാജ്യങ്ങൾക്കുള്ള ടി.പി.എസ് റദ്ദാക്കാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ അധികാരത്തെ സുപ്രീം കോടതി അടുത്തിടെ ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് സർക്കാരിൻ്റെ പുതിയ നീക്കം.
കോടതി വിധി വന്ന് 30 ദിവസത്തിന് ശേഷമേ നിയമം പ്രാബല്യത്തിൽ വരൂ എന്നതിനാൽ ചില കമ്പനികൾ നടപടികൾ വൈകിപ്പിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ടി.പി.എസ് പദവി നഷ്ടപ്പെടാൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിരവധി രാജ്യങ്ങളാണുള്ളത്.
യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഹെയ്തിയിൽ നിന്നുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ ജൂലൈ 24-ഓടെ അവസാനിക്കും. എത്യോപ്യ, മ്യാൻമർ, സൊമാലിയ, ദക്ഷിണ സുഡാൻ, സിറിയ, യെമൻ എന്നീ ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പെർമിറ്റുകൾ ജൂലൈ 17-ഓടെയും റദ്ദാകും. ബാധിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തോളം ടി.പി.എസ് ഉടമകളുടെ തൊഴിൽ അനുമതി തീയതികൾ യു.എസ് സർക്കാർ അടിക്കടി മാറ്റുന്നത് കമ്പനികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
പെർമിറ്റ് കാലാവധി ആദ്യം ജൂലൈ 1 ലേക്കും, പിന്നീട് ജൂലൈ 10 ലേക്കും നീട്ടിയിരുന്നു. ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച തീയതി വീണ്ടും താല്ക്കാലികമായി നീട്ടി നൽകി. എന്നാൽ ഈ ആശയക്കുഴപ്പം കാരണം പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപ് തന്നെ പല പ്രമുഖ കമ്പനികളും തങ്ങളുടെ വിദേശ ജീവനക്കാരെ പിരിച്ചുവിട്ടു. ഫെഡറൽ കോടതികൾ സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന സൂചനയാണ് സർക്കാർ തൊഴിലുടമകൾക്ക് നൽകുന്നത്.
എന്താണ് ടി.പി.എസ്?
ആഭ്യന്തര യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ കാരണം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത വിദേശികൾക്ക് യു.എസ് സർക്കാർ നൽകി വരുന്ന പ്രത്യേക സംരക്ഷണ പദവിയാണ് ടി.പി.എസ്. 1990 ലാണ് ഈ പ്രോഗ്രാം ആരംഭിച്ചത്. എന്നാൽ ഈ രാജ്യങ്ങളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടുവെന്നും വിദേശികൾ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ഈ ആനുകൂല്യം നിർത്തലാക്കാൻ നടപടി തുടങ്ങിയത്.
Temporary protected status ends; Foreigners in the US will lose their jobs, US employers advised to lay off workers















