
തിരുവല്ല: പ്രവാസി മലയാളികളുടെ ആഗോള സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024, ജനുവരി 19, 20, 21 തിയതികളിൽ തിരുവല്ലയിൽ വച്ച് നടക്കും. 2024 അവസാനം നടക്കാനിരിക്കുന്ന അഞ്ചാമത് അന്തര്‍ദേശീയ കേരള പഠന കോണ്‍ഗ്രസിന്‌റെ മുന്നോടിയായി ‘പ്രവാസവും നവകേരളവും’ എന്ന വിഷയത്തെ അധികരിച്ചാണ് സംഗമം നടക്കുന്നത്. ഇതുവരെ അഞ്ച് വിഷയാധിഷ്ഠിത സെമിനാറുകള്‍ നടന്നു. ഈ പരമ്പരയില്‍ ആറാമത്തേതാണ് പ്രവാസം സംബന്ധിച്ച സംഗമം.
വൈജ്ഞാനിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക്, വിദഗ്ദ്ധ തൊഴിൽ മേഖലകളിലെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തേണ്ടത്, വയോജന പരിപാലനത്തിൽ ആവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ഗൗരവമേറിയ ചർച്ചകൾക്കൊപ്പം, പ്രവാസ സംബന്ധിയായ 16 ഓളം അനുബന്ധ വിഷയങ്ങളും കോൺക്ലേവ് അഭിസംബോധന ചെയ്യും.
ജനുവരി 19നാണ് പ്രവാസി സംഗമം. മൂന്നുദിവസങ്ങളിലായി സംവാദങ്ങളും ചര്‍ച്ചകളും നടക്കും. 300 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെങ്കിലും ഒരുലക്ഷം പേരെ ഓണ്‍ലൈനിലൂടെ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യ രണ്ടുദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാസി കേന്ദ്രീകൃതമായ വികസനതന്ത്രത്തിനു പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചുകൊണ്ട് രൂപം നല്‍കുന്നത് സംബന്ധിച്ച് 21ന് നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പരിശോധിക്കും.
എഴുത്തുകാരന്‍ ബെന്യാമിന്‍ കോണ്‍ക്ലേവിന്റെ അധ്യക്ഷനാകും. എ. പത്മകുമാര്‍ സെക്രട്ടറിയായ സംഘാടന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രൊഫസര്‍ ഇരുദയരാജന്‍ അധ്യക്ഷനായും പ്രൊഫസര്‍ കെ.എന്‍ ഹരിലാല്‍ സഹ അധ്യക്ഷനായും ഡോ. റാണി ആര്‍ നായര്‍, സി.സെ് അഖില്‍ എന്നിവര്‍ കണ്‍വീനര്‍മാരായും ഒരു അക്കാദമിക് സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്രബന്ധാവതാരകരും ഓണ്‍ലൈനായി പങ്കെടുക്കുന്നവരും ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ സംഭാവനകള്‍ നല്‍കാവുന്നതാണ്.
പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ചർച്ചാ വിഷയങ്ങളും ഇതിനകം വെബ്സൈറ്റിൽ ലഭ്യമാണ്.















